തിരുവനന്തപുരം∙ ചിറയൻകീഴിലെ കയ്യാങ്കളി വിവാദത്തിന് പിന്നാലെ കെപിസിസി ഭാരവാഹി യോഗത്തിൽ പങ്കെടുത്ത് ചിറയൻകീഴ് എംഎൽഎ രമ്യ ഹരിദാസ്. കയ്യാങ്കളിയിൽ എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് വീഴ്ച സംഭവിച്ചെന്ന അന്വേഷണസമിതി കണ്ടെത്തലിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ‘അങ്ങനെ പറഞ്ഞവരോട് പോയി ചോദിക്കൂ’ എന്നായിരുന്നു രമ്യയുടെ പ്രതികരണം.
ചിറയൻകീഴിലെ കയ്യാങ്കളിയിൽ എം.എം. ഹസന്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാളയം പ്രദീപിനും സജാദിനുമെതിരെ നേരത്തെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. ഇരുവിഭാഗവും ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നും പ്രവർത്തകരെ ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ട എംഎൽഎ ഉൾപ്പെടെയുള്ളവർ അതിന് വിരുദ്ധമായി പ്രവർത്തിച്ചെന്നുമായിരുന്നു അന്വേഷണസമിതിയുടെ കണ്ടെത്തൽ.
അതിനിടെ, പാർട്ടിയിൽനിന്ന് പുറത്താക്കിയ പാളയം പ്രദീപിനെ തന്റെ അഡീഷണൽ പി.എ ആയി നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് കത്ത് നൽകിയതും വിവാദമായിരുന്നു. മുൻകാല പ്രാബല്യത്തോടെ നിയമിക്കണമെന്നായിരുന്നു എംഎൽഎയുടെ ആവശ്യം. രമ്യയുടെ പി.എയാണ് നിയമസഭാ സെക്രട്ടറിക്ക് കത്ത് കൈമാറിയത്.






