തിരുവനന്തപുരം∙ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന് മുൻപ് ഉപഭോക്താക്കളെ അറിയിക്കുന്ന സംവിധാനവുമായി കെഎസ്ഇബി. ‘വിത്ത് യു’ ആപ്പിലൂടെ വൈദ്യുതി നിയന്ത്രണം സംബന്ധിച്ച വിവരങ്ങൾ ഉപഭോക്താക്കൾക്ക് മുൻകൂട്ടി ലഭിക്കും. നാളെ ഉച്ചയോടെ സംവിധാനം സംസ്ഥാനത്താകെ നിലവിൽ വരും.
വൈദ്യുതി പോകുന്നതിന് ഒന്നര മണിക്കൂർ മുൻപ് വരെ ഉപഭോക്താവിന് വിവരം ലഭിക്കുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ നടത്തിയ പരീക്ഷണം വിജയകരമായതിനെ തുടർന്നാണ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നത്.
‘വിത്ത് യു’ ആപ്പിനെ ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഒഎംഎസിൽ നിന്നാണ് ഉപഭോക്താക്കൾക്ക് വൈദ്യുതി നിയന്ത്രണം സംബന്ധിച്ച സന്ദേശം ലഭിക്കുക.






