തിരുനാവായ: ‘ജിന്ന് മന്ത്രിച്ച പഴം’ കഴിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന പേരിൽ തട്ടിപ്പ്. മലപ്പുറം തിരുനാവായയിൽ പ്രവർത്തിച്ചിരുന്ന വ്യാജ ചികിത്സാകേന്ദ്രം നാട്ടുകാർ ഇടപെട്ട് പൂട്ടിച്ചു. ഒരു ഏത്തപ്പഴത്തിന് 2500 രൂപവരെ ഈടാക്കിയിരുന്നതായാണ് വിവരം.
തിരുനാവായ കൊടയ്ക്കലിലെ ‘ജിൻ മഹർ’ എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. ജിന്നിനെ വിളിച്ചുവരുത്തി രോഗശാന്തി നൽകുമെന്നും ജിന്നിന്റെ ഉപദ്രവം ഒഴിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തായിരുന്നു ആളുകളിൽനിന്ന് പണം ഈടാക്കിയിരുന്നത്. ആലപ്പുഴ സ്വദേശി ജമാലുദ്ദീന്റെ നേതൃത്വത്തിലായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്.
നാലുമാസം മുമ്പാണ് സ്ഥാപനം ആരംഭിച്ചത്. തുടക്കത്തിൽ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് ആളുകളുടെ തിരക്ക് വർധിച്ചതോടെ കൂടുതൽ സജീവമായി. ജമാലുദ്ദീനെ കൂടാതെ ‘ജിന്ന്’ ആയി വേഷമിട്ട ഒരാളടക്കം മൂന്ന് പേർ തട്ടിപ്പിന് പിന്നിലുണ്ടായിരുന്നതായാണ് വിവരം.
സ്പീക്കർ ബോക്സിലൂടെ അറബിയും ഉർദുവും സംസാരിക്കുകയും മുഖംമൂടി ധരിച്ച ഒരാളെ ‘ജിന്ന്’ ആയി അവതരിപ്പിക്കുകയും ചെയ്താണ് ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. ജിന്ന് മന്ത്രിച്ചൂതിയതെന്ന് അവകാശപ്പെട്ട് പഴം ലേലം വിളിച്ച് നൽകുകയായിരുന്നു. 1000 രൂപയിൽ ആരംഭിച്ച ലേലം 2500 രൂപവരെ എത്തിയിരുന്നു.
പഴത്തിന്റെ തൊലി കളയാതെയാണ് അതിനുള്ളിലെ പഴം രണ്ടായി മുറിച്ചുവെക്കുന്ന വിദ്യ ‘അത്ഭുതം’ എന്ന പേരിൽ അവതരിപ്പിച്ചിരുന്നത്. സൂചി ഉപയോഗിച്ച് പഴം മുറിച്ചുവെച്ചശേഷമാണ് ആളുകളെ വിശ്വസിപ്പിച്ചിരുന്നതെന്നാണ് വിവരം.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തി സ്ഥാപനം പൂട്ടിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് തിരുനാവായ പോലീസിലും മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.






