കാൻപൂർ: വീട്ടിലെ ഓരോ നീക്കവും സിസിടിവിയിലൂടെ നിരീക്ഷിക്കും. രാത്രി വൈകിയുള്ള പാർട്ടികൾക്ക് പോകുന്നതിൽ കടുത്ത എതിർപ്പ്, ചെറിയ ചെലവുകൾക്കുപോലും പണം ചോദിക്കേണ്ടിവരുന്നു. ഭർതൃപിതാവിന്റെ കടുത്ത നിയന്ത്രണത്തിൽ സഹികെട്ട് മരുമകൾ അമ്മായിയപ്പനെ കൊലപ്പെടുത്തി. കുടുംബത്തിലുണ്ടായ വഴക്കുകൾ 63കാരനായ ഫാർമസ്യൂട്ടിക്കൽ വ്യവസായി വിനീത് മിനോച്ചയുടെ കൊലപാതകത്തിലേക്ക് നയിച്ചതായി പോലീസിന്റെ പ്രാഥമിക നിഗമനം.
കാൻപൂരിലെ ഫ്ലാറ്റിനുള്ളിൽ ശനിയാഴ്ച രാത്രിയാണ് വിനീത് മിനോച്ചയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ 26 കുത്തേറ്റ പാടുകളുണ്ടായിരുന്നു. സംഭവത്തിൽ കുടുംബത്തിലെ മുൻ ജീവനക്കാരനായ വിശാൽ (30), ഇയാളുടെ കൂട്ടാളി രാജ് കിഷോർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിന് പിന്നാലെയാണ് ഇരുവരെയും പിടികൂടിയത്.
അന്വേഷണത്തിനിടെ വിശാൽ നടത്തിയ മൊഴിയാണ് കേസിൽ നിർണായക വഴിത്തിരിവായത്. വിനീത് മിനോച്ചയുടെ 36കാരിയായ മരുമകൾ ശാലുവിന്റെ നിർദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നാണ് വിശാൽ പോലീസിനോട് പറഞ്ഞു. കൊലപാതകത്തിന് പണം നൽകാമെന്ന് ശാലു വാഗ്ദാനം ചെയ്തിരുന്നതായും ഇയാൾ ആരോപിച്ചു. ഇതിന് പിന്നാലെ ശാലുവിനെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനിടെ ആദ്യം അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സമ്മതിച്ചതായി പോലീസ് പറയുന്നു.
മൊഴിപ്രകാരം, വീട്ടിലെ കാര്യങ്ങൾ മിനോച്ച സിസിടിവി ക്യാമറകളിലൂടെ നിരന്തരം നിരീക്ഷിച്ചിരുന്നു. രാത്രി വൈകി പുറത്തുപോകുന്നതും പാർട്ടികളിൽ പങ്കെടുക്കുന്നതും അദ്ദേഹം എതിർത്തിരുന്നു. കുടുംബം സാമ്പത്തികമായി സമ്പന്നമായിരുന്നിട്ടും തനിക്കും ഭർത്താവിനും ആവശ്യമായ ചെറിയ ചെലവുകൾക്കുപോലും ഭർത്താവിന്റെ പിതാവിനോട് പണം ചോദിക്കേണ്ടി വന്നിരുന്നുവെന്നും ശാലു പരാതിപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ജൂലൈ 28ന് ഒരു പാർട്ടിയിൽ നിന്ന് വൈകി വീട്ടിലെത്തിയതിനെ തുടർന്ന് ശാലുവും ഭർത്താവിന്റെ പിതാവും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിന് ശേഷമാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളലുണ്ടായതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
തുടർന്ന് ശാലു മുൻ ജീവനക്കാരനായ വിശാലിനെ സമീപിച്ച് ഭർത്താവിന്റെ പിതാവിനെ കൊലപ്പെടുത്താൻ ആറുലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നാണ് പോലീസ് ആരോപിക്കുന്നത്. സെപ്റ്റംബർ ആറിന് രണ്ട് ലക്ഷം രൂപയും 15 ദിവസത്തിന് ശേഷം ബാക്കി നാല് ലക്ഷം രൂപയും നൽകാമെന്ന് ധാരണയായിരുന്നുവെന്നാണ് വിവരം.
കൊലപാതകം നടത്തുന്നതിനായി ഫ്ലാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോലും ശാലു വിശാലിന് നൽകിയതായി അന്വേഷണ സംഘം പറയുന്നു. ജന്മാഷ്ടമി ദിനമായ സെപ്റ്റംബർ നാലിന് ചില സാധനങ്ങൾ നൽകാനെന്ന വ്യാജേന വിശാലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതക പദ്ധതി അന്തിമമാക്കിയതായും അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറയുന്നു.
ശനിയാഴ്ച രാത്രി ശാലു ഭർത്താവ് സുബ്രതും കുട്ടിയുമൊത്ത് പാർട്ടിക്ക് പോയി. ഇവർ വീട്ടിൽനിന്ന് ഇറങ്ങി ഏതാനും മിനിറ്റുകൾക്കുള്ളിൽ വിശാലും രാജ് കിഷോറും ഫ്ലാറ്റിലെത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സുരക്ഷാ ജീവനക്കാരനായ മദൻ ഇരുവരെയും തടഞ്ഞെങ്കിലും വിശാൽ ഫോണിലൂടെ ശാലുവുമായി സംസാരിപ്പിച്ചു. വിശാലും രാജ് കിഷോറും മരുന്നുകൾ എത്തിക്കാനെത്തിയവരാണെന്നും അവരെ അകത്തേക്ക് കടത്തിവിടണമെന്നും ശാലു സുരക്ഷാ ജീവനക്കാരനോട് പറഞ്ഞതായാണ് പോലീസ് പറയുന്നത്.
തുടർന്ന് വിനീത് മിനോച്ചയെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും സംഭവം ഹൃദയാഘാതമായി തോന്നിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ആദ്യം തയ്യാറാക്കിയ പദ്ധതിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാൽ പദ്ധതി പിന്നീട് മാറുകയായിരുന്നു.
ഇരുവരും മിനോച്ചയുടെ മകന്റെ മുറിയിൽ ഒളിച്ചിരുന്നു. മിനോച്ച മുറിയിലേക്ക് എത്തിയതോടെ ഇരുവരും കത്തികളുമായി ആക്രമിച്ചു. 26 തവണ കുത്തിയശേഷം പ്രതികൾ ഫ്ലാറ്റിൽനിന്ന് രക്ഷപ്പെട്ടതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പുലർച്ചെ മൂന്നുമണിയോടെ ശാലുവും ഭർത്താവ് സുബ്രതും കുട്ടിയുമൊത്ത് പാർട്ടിയിൽനിന്ന് തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ മിനോച്ചയെ കണ്ടെത്തിയത്. തുടർന്ന് ഇവർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ വിലപിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതോടെയാണ് കൊലപാതകം കവർച്ച ലക്ഷ്യമിട്ടുള്ളതല്ലെന്നും കുടുംബത്തിലെ വ്യക്തിപരമായ തർക്കങ്ങളാണ് പിന്നിലെന്നും പോലീസ് തുടക്കത്തിലേ സംശയിച്ചത്.
ശാലു നിലവിൽ ജയിലിലാണ്. അതേസമയം, കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. മിനോച്ചയുടെ മകനും ശാലുവിന്റെ ഭർത്താവുമായ സുബ്രതിന്റെ ഫോൺ കോളുകളും മറ്റ് ആശയവിനിമയ വിവരങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. ഗൂഢാലോചനയെക്കുറിച്ച് സുബ്രതിനു നേരത്തെ അറിവുണ്ടായിരുന്നോ, കൊലപാതകത്തിൽ അദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടായിരുന്നോ എന്നിവയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.






