ഫുട്ബോൾ ലോകത്തെ രണ്ട് ഇതിഹാസങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരേ ടീമിനായി പന്തുതട്ടുന്നത് കാണാൻ ആരാധകർക്ക് അവസരം ഒരുങ്ങുന്നു. ഡിസംബറിൽ നടക്കാനിരിക്കുന്ന കാർലോസ് ടെവസിന്റെ വിടപറയൽ മത്സരത്തിലാണ് മെസിയെയും റൊണാൾഡോയെയും ഒരുമിച്ച് കളിപ്പിക്കാനുള്ള നീക്കം നടക്കുന്നത്.
അർജന്റീന മുൻതാരം കാർലോസ് ടെവസിന്റെ ബൊക്ക ജൂനിയേഴ്സിൽ നിന്നുള്ള വിടപറയൽ മത്സരമാണ് വലിയ ഫുട്ബോൾ വിരുന്നാക്കാൻ ഒരുങ്ങുന്നത്. മെസിയെയും റൊണാൾഡോയെയും മത്സരത്തിലേക്ക് ടെവസ് നേരിട്ട് ക്ഷണിച്ചിട്ടുണ്ട്. ഇരുവരും ക്ഷണം സ്വീകരിക്കുകയും ഡിസംബറിൽ മത്സരത്തിനായി സമയം കണ്ടെത്തുകയും ചെയ്താൽ ഒരേ ടീമിൽ കളിക്കുന്ന അപൂർവ കാഴ്ചയ്ക്കാണ് ഫുട്ബോൾ ലോകം സാക്ഷിയാകുക.
അർജന്റീന ദേശീയ ടീമിൽ മെസിക്കൊപ്പവും മാഞ്ചസ്റ്റർ യുനൈറ്റഡിൽ റൊണാൾഡോയ്‌ക്കൊപ്പവും കളിച്ചിട്ടുള്ള താരമാണ് ടെവസ്. അതുകൊണ്ടുതന്നെ ഇരുവരെയും തന്റെ വിടപറയൽ മത്സരത്തിൽ ഒരുമിപ്പിക്കാനുള്ള ടെവസിന്റെ ശ്രമം ആരാധകരിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ടെവസിനൊപ്പം അർജന്റീന ദേശീയ ടീമിലും വിവിധ ക്ലബ്ബുകളിലും കളിച്ച മുൻ സഹതാരങ്ങൾ ഉൾപ്പെടെ അറുപതോളം പേരെയാണ് മത്സരത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ബൊക്ക ജൂനിയേഴ്സിന് പുറമെ വെസ്റ്റ് ഹാം യുനൈറ്റഡ്, മാഞ്ചസ്റ്റർ യുനൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, യുവന്റസ് എന്നീ ക്ലബ്ബുകളിലും ടെവസ് കളിച്ചിട്ടുണ്ട്.
അർജന്റീന ദേശീയ ടീമിനായി 76 മത്സരങ്ങളിൽ കളിച്ച ടെവസ് 13 ഗോളുകൾ നേടി. 2004 ഏഥൻസ് ഒളിമ്പിക്സിൽ സ്വർണം നേടിയ അർജന്റീന ടീമിലെ പ്രധാന താരമായിരുന്ന ടെവസ് ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുകയും ചെയ്തു.
2022ൽ കളിക്കളത്തോട് വിടപറഞ്ഞതിന് ശേഷം പരിശീലകവേഷത്തിലേക്ക് മാറിയ ടെവസ് റൊസാരിയോ സെൻട്രൽ, ഇൻഡിപെൻഡിയെന്റെ, ടലറസ് ഡി കോർഡോബ എന്നീ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
മെസിയും റൊണാൾഡോയും ഒരേ ടീമിൽ കളിക്കുമോ എന്നതിലാണ് ഇനി ആരാധകരുടെ കണ്ണുകൾ. ഇരുവരുടെയും സാന്നിധ്യം ഉറപ്പായാൽ ടെവസിന്റെ വിടപറയൽ മത്സരം ഫുട്ബോൾ ചരിത്രത്തിലെ തന്നെ അപൂർവ താരസംഗമമായി മാറും.






