തൃശ്ശൂർ: തൃശ്ശൂരിലുണ്ടായ ദാരുണ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ മറച്ചുവെച്ച് കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അപലപനീയമാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. എട്ട് വിദ്യാർഥികളുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തത്തിൽ കേരളം മുഴുവൻ ദുഃഖത്തിലായിരിക്കെ, ഉത്തരവാദിത്വം ഏറ്റെടുത്ത് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് പകരം കുറ്റം മറ്റുള്ളവരുടെ മേൽ ചുമത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
ദേശീയപാത നിർമാണം കേന്ദ്രസർക്കാരിന്റെ ചുമതലയാണെങ്കിലും ദേശീയപാതയിലെ പട്രോളിങ്, അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കൽ, ഗതാഗതനിയമങ്ങൾ കർശനമായി നടപ്പാക്കൽ തുടങ്ങിയവ സംസ്ഥാന പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ഉത്തരവാദിത്വമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇവയിൽ വീഴ്ച സംഭവിച്ചതിന്റെ പരിണിതഫലമാണ് എട്ട് വിദ്യാർഥികൾക്ക് ജീവൻ നഷ്ടമായതെന്നും അദ്ദേഹം ആരോപിച്ചു.
നിർണായകമായ റോഡ് ഭാഗത്ത് വലിയ വാഹനം അനധികൃതമായി പാർക്ക് ചെയ്തിട്ടും അത് കണ്ടെത്തി നീക്കം ചെയ്യുന്നതിൽ സംസ്ഥാന ട്രാഫിക് സംവിധാനത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ. ക്യാമറകളിലൂടെ പിഴ ഈടാക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും റോഡുകളിൽ ഗുരുതരമായ നിയമലംഘനം നടത്തുന്ന ഭാരവാഹനങ്ങൾക്കെതിരെ സമയബന്ധിതമായി നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ഗതാഗതനിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിലും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
സ്വന്തം വീഴ്ചകൾ മറച്ചുവെക്കുന്നതിനായി കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്ന രാഷ്ട്രീയ സമീപനം അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ യഥാർഥ ഉത്തരവാദിത്വം ഏറ്റെടുക്കണം. പ്രശ്നങ്ങളുണ്ടാകുമ്പോൾ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുന്ന സർക്കാരിനെയല്ല കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. നിയമം കൃത്യമായി നടപ്പാക്കി പൗരന്മാരുടെ ജീവനും സുരക്ഷയും ഉറപ്പാക്കുന്ന ഉത്തരവാദിത്വമുള്ള സർക്കാരിനെയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വിദ്യാർഥികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.






