പഞ്ചാബ്: മരിച്ചെന്ന് കരുതി മകന്റെ മൃതദേഹം സംസ്കരിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ, മകൻ ജീവനോടെയുണ്ടെന്നറിഞ്ഞ ഞെട്ടലിലാണ് പഞ്ചാബിലെ കപൂർത്തല സ്വദേശികളായ കുടുംബം. മരിച്ചതായി തെറ്റിദ്ധരിച്ച് സംസ്കരിച്ച യുവാവ് കപൂർത്തല സെൻട്രൽ ജയിലിൽ ജീവനോടെയുണ്ടെന്ന് കുടുംബത്തിന് വിവരം ലഭിക്കുകയായിരുന്നു.
കപൂർത്തല സ്വദേശി രവി കുമാറിനെയാണ് ഓഗസ്റ്റ് അഞ്ചിന് വീട്ടിൽനിന്ന് കാണാതായത്. കുടുംബാംഗങ്ങൾ പലതവണ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഓഗസ്റ്റ് 11-ന് കപൂർത്തല സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഇതിനിടെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ഒരു യുവാവിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങൾ പോലീസ് കുടുംബത്തെ കാണിച്ചു. ദിവസങ്ങൾക്കുശേഷം കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് മൃതദേഹം രവി കുമാറിന്റേതാണെന്ന് തെറ്റായി തിരിച്ചറിഞ്ഞു. തുടർന്ന് ഓഗസ്റ്റ് 13-ന് മൃതദേഹം സംസ്കരിക്കുകയും അന്ത്യകർമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
എന്നാൽ സെപ്റ്റംബർ രണ്ടിന് സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടായി. കപൂർത്തല സെൻട്രൽ ജയിലിലെ ജീവനക്കാരൻ രവി കുമാറിന്റെ കുടുംബത്തെ ഫോണിൽ വിളിച്ച് രവി ജയിലിലുണ്ടെന്ന് അറിയിച്ചു.
ഒരു മാസം മുൻപ് സംശയാസ്പദമായ സാഹചര്യത്തിൽ ചുറ്റിത്തിരിഞ്ഞതിന് ജലന്ധർ പോലീസ് രവി കുമാറിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നതായാണ് വിവരം. ഇക്കാര്യം അറിയാതെ കുടുംബം മകന്റെ മരണത്തിൽ ദുഃഖിക്കുകയായിരുന്നു.
വിവരം ലഭിച്ചതോടെ കുടുംബാംഗങ്ങൾ അടുത്ത ദിവസം തന്നെ ജയിലിലെത്തി. രവി കുമാറിനെ നേരിൽക്കണ്ട് സംസാരിച്ചാണ് മകൻ ജീവനോടെയുണ്ടെന്ന് അവർ ഉറപ്പാക്കിയത്. മകന്റെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയ കുടുംബത്തിന് ഇത് ഒരേസമയം ഞെട്ടലും ആശ്വാസവുമായി.






