ഇടുക്കി: സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഫോട്ടോയെടുത്ത് ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിച്ച സംഭവത്തിൽ നടപടിയുമായി വനംവകുപ്പ്. സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തി കേസെടുക്കുമെന്ന് മൂന്നാർ ഡിഎഫ്ഒ അറിയിച്ചു. രണ്ട് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്.
കൊച്ചി സ്വദേശിയെയും മൂന്നാർ സ്വദേശിയെയുമാണ് വനംവകുപ്പ് കണ്ടെത്താൻ ശ്രമിക്കുന്നത്. നീലക്കുറിഞ്ഞി ചെടിയിൽനിന്ന് പൂക്കൾ പറിച്ചെടുത്ത് ഫോട്ടോഷൂട്ട് നടത്തിയശേഷം ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചെന്നാണ് പ്രാഥമിക വിവരം. ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്.
നീലക്കുറിഞ്ഞി പൂക്കുന്ന മേഖലകളിലേക്ക് എത്തുന്ന സന്ദർശകർ പാലിക്കേണ്ട നിർദേശങ്ങൾ നേരത്തേതന്നെ വനംവകുപ്പ് മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. കർശന നിയന്ത്രണങ്ങളോടെയാണ് സഞ്ചാരികളെ ഈ മേഖലകളിലേക്ക് പ്രവേശിപ്പിക്കുന്നത്. ഇതിനിടെയാണ് നിർദേശങ്ങൾ അവഗണിച്ച് യുവാക്കൾ നീലക്കുറിഞ്ഞി പറിച്ചെടുത്ത് ചിത്രങ്ങളെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. നീലക്കുറിഞ്ഞി പറിച്ചെടുക്കുന്നത് നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കുറ്റം തെളിഞ്ഞാൽ 25,000 രൂപ വരെ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാം.






