തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കൈയാങ്കളിയിലും പ്രതികരണവുമായി രമ്യ ഹരിദാസ് എം.എൽ.എ. പ്രാദേശികമായി നടക്കാനിരുന്ന സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സംഘർഷത്തിന് കാരണമെന്ന് രമ്യ പറഞ്ഞു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും തനിക്കെതിരായ ആക്രമണത്തിൽ പോലീസിൽ പരാതി നൽകുമെന്നും എം.എൽ.എ വ്യക്തമാക്കി.
സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണത്തിലുള്ള പാനൽ മൂന്ന് വിഭാഗങ്ങളായി മത്സരിക്കുന്ന സാഹചര്യമുണ്ടായിരുന്നുവെന്ന് രമ്യ പറഞ്ഞു. തിരഞ്ഞെടുപ്പ് കൺവൻഷനിലും ഫോട്ടോ എടുക്കുന്നതിനുമായി തന്നെ ക്ഷണിച്ചിരുന്നെങ്കിലും ആരുടെയും പക്ഷംപിടിക്കാതെ വിട്ടുനിൽക്കുകയായിരുന്നു. ഇക്കാര്യത്തിൽ ബ്ലോക്ക് പഞ്ചായത്തംഗമായ സജാദിന് തന്നോട് വിയോജിപ്പുണ്ടായിരുന്നുവെന്നും രമ്യ പറഞ്ഞു.
സജാദ് തുടർച്ചയായി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നതായും വിഷയം സംസാരിച്ച് പരിഹരിക്കാനാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയതെന്നും രമ്യ വ്യക്തമാക്കി. ആദ്യം കോഴിക്കടയിൽവെച്ചാണ് സംസാരിച്ചത്. തുടർന്ന് ചായകുടിച്ചുകൊണ്ട് സംസാരിക്കാമെന്ന് പറഞ്ഞ് സജാദ് തന്നെയാണ് വീട്ടിലേക്ക് ക്ഷണിച്ചത്. അവിടെ സംസാരിച്ചുകൊണ്ടിരിക്കെയാണ് സജിത്ത് മുട്ടപ്പാലം ഒരു സംഘത്തോടൊപ്പം എത്തിയതെന്നും രമ്യ ആരോപിച്ചു.
സംഘത്തിലുണ്ടായിരുന്ന ആദിഷാണ് തന്നെ ആദ്യം പിടിച്ചുതള്ളിയതെന്ന് രമ്യ പറഞ്ഞു. കൈയിൽ പിടിച്ചുവലിക്കുകയും കാലിൽ ചവിട്ടുകയും ചെയ്തെന്നും അവർ ആരോപിച്ചു. ‘വന്നതുപോലെ തിരിച്ചുപോകില്ല’ എന്ന് സജിത്ത് ഭീഷണിപ്പെടുത്തിയതായും എം.എൽ.എ ആരോപിച്ചു.
തിരഞ്ഞെടുപ്പ് സമയത്ത് സജിത്ത് തനിക്കൊപ്പമുണ്ടായിരുന്നെങ്കിലും പിന്നീട് ചില കാരണങ്ങളാൽ അദ്ദേഹത്തെ മാറ്റിനിർത്തേണ്ടിവന്നിരുന്നുവെന്നും രമ്യ പറഞ്ഞു.
അതിനിടെ, തർക്കത്തിന് കാരണമായ മറ്റൊരു വിഷയത്തിലും എം.എൽ.എ വിശദീകരണം നൽകി. യോഗത്തിൽ പങ്കെടുത്ത പാളയം പ്രദീപ് തന്റെ സ്റ്റാഫംഗമാണെന്നും അതുകൊണ്ടാണ് അദ്ദേഹം യോഗത്തിലെത്തിയതെന്നും രമ്യ പറഞ്ഞു. താൻ പറഞ്ഞതുപോലെ അത് ഔദ്യോഗിക യോഗമായിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
അതേസമയം, രമ്യ ഹരിദാസാണ് തന്നെ ആക്രമിച്ചതെന്നാരോപിച്ച് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് നേരത്തെ രംഗത്തെത്തിയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ ‘എന്റെ കൈ വിടടാ’ എന്നും ‘നീയാരാടാ’ എന്നും രമ്യ പറയുന്നത് കേൾക്കാം. സംഘർഷത്തിൽ പരിക്കേറ്റ രമ്യ ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.






