തൃശ്ശൂർ: ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി എട്ടുപേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് അപകടം. കാറിലുണ്ടായിരുന്ന ഏഴുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മധുര രജിസ്ട്രേഷനിലുള്ള ഏഴ് സീറ്റർ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്നത് തമിഴ്നാട് സ്വദേശികളായ വിദ്യാർഥികളാണെന്നാണ് പ്രാഥമിക നിഗമനം. ഡിണ്ടിഗലിലെ പി.എസ്.എൻ.എ എൻജിനീയറിങ് കോളേജിലെ വിദ്യാർഥിയുടെ തിരിച്ചറിയൽ കാർഡ് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
മരിച്ച എട്ടുപേരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു. സേലം സ്വദേശി വിശ്വ, ഡിണ്ടിഗൽ സ്വദേശി സൂര്യ, മധുര സ്വദേശികളായ സന്തോഷ്, പ്രസന്ന, ഡിണ്ടിഗൽ സ്വദേശി യുവസഞ്ജിത് എന്നിവരാണ് തിരിച്ചറിഞ്ഞത്. മറ്റു മൂന്നുപേരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. ഇതേ ദിശയിൽ ദേശീയപാതയിൽ പണി പുരോഗമിക്കുന്ന ഭാഗത്ത് ലോറി നിർത്തിയിട്ടിരിക്കുകയായിരുന്നു. ലോറിയിലേക്ക് കാർ അതിശക്തമായി ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിരക്ഷാസേന എത്തി കാർ വെട്ടിപ്പൊളിച്ചാണ് രണ്ടുപേരെ പുറത്തെടുത്തത്. എട്ടുപേരുടെയും മൃതദേഹങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അപകടത്തിൽ മരിച്ചവരുടെ മുഖം പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് സ്ഥലത്തെത്തിയ നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന ഒരാൾ തെറിച്ച് ലോറിയുടെ മുകളിലേക്ക് വീണതായും ദൃക്സാക്ഷി പറഞ്ഞു.
ദേശീയപാത അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. നിർമാണം നടക്കുന്ന ഭാഗത്ത് മതിയായ മുന്നറിയിപ്പ് സംവിധാനങ്ങളും സൂചനാ ബോർഡുകളും ഉണ്ടായിരുന്നില്ലെന്നും ലോറി ദേശീയപാതയിലെ ഒന്നാം ട്രാക്കിൽ നിർത്തിയിട്ടിരുന്നതായും നാട്ടുകാർ ആരോപിച്ചു.
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ച സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെയാണ് വെള്ളിയാഴ്ച രാത്രി വീണ്ടും അപകടമുണ്ടായത്.






