വാഷിങ്ടൺ: അമേരിക്കയിൽ തൊഴിൽ വളർച്ച പ്രതീക്ഷിച്ചതിലും ശക്തമാണെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കിയതിന് പിന്നാലെ, പലിശനിരക്ക് കുറയ്ക്കണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ഫെഡറൽ റിസർവിനെതിരെ രംഗത്ത്. ലോകത്തിലെ ഏറ്റവും കുറഞ്ഞ വായ്പാ പലിശനിരക്കുകളിൽ ഒന്നാണ് അമേരിക്കയ്ക്കുണ്ടാകേണ്ടതെന്നും ട്രംപ് ആവശ്യപ്പെട്ടു.
ഓഗസ്റ്റിൽ അമേരിക്കൻ തൊഴിലുടമകൾ 1.62 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്നാണ് പുറത്തുവന്ന തൊഴിൽ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇത് വിപണി പ്രതീക്ഷകളെ മറികടന്നതാണെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ എക്സിൽ പ്രതികരിച്ചു.
“ഇപ്പോൾ പ്രഖ്യാപിച്ച തൊഴിൽ കണക്ക് അതി ഗംഭീരം. എന്റെ കണക്കുകൾ ഒഴികെ മറ്റെല്ലാ പ്രതീക്ഷകളെയും രണ്ടും മൂന്നും ഇരട്ടി മറികടന്നു. ഓഗസ്റ്റിൽ തൊഴിലുടമകൾ 1.62 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. അമേരിക്ക കുറച്ച് കാലം മുമ്പുണ്ടായിരുന്നതിനെക്കാൾ ഇപ്പോൾ വളരെ ശക്തമായ സാമ്പത്തിക വിശ്വാസ്യതയുള്ള രാജ്യമാണ്. അതിനാൽ പലിശനിരക്ക് കുറയ്ക്കണം,” ട്രംപ് കുറിച്ചു.
ശക്തമായ ഒരു രാജ്യത്തിന് കുറഞ്ഞ പലിശനിരക്കാണ് ലഭിക്കേണ്ടതെന്നും ഇത് വളരെ ലളിതമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുമായി വലിയ വ്യാപാര മിച്ചം നിലനിർത്തുന്ന രാജ്യങ്ങൾക്കെതിരെയും ട്രംപ് മുന്നറിയിപ്പ് നൽകി. ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാൻ തയ്യാറാകുന്നില്ലെങ്കിൽ, അമേരിക്കയുമായി വ്യാപാര മിച്ചമുള്ള രാജ്യങ്ങളുമായുള്ള വ്യാപാരം നിയന്ത്രിക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.
“പഴയകാലത്തെപ്പോലെ ലോകത്തിലെ ഏത് രാജ്യത്തേക്കാളും കുറഞ്ഞ പലിശനിരക്ക് അമേരിക്കയ്ക്കുണ്ടാകണം. അമേരിക്ക അനുവദിക്കുന്നതുകൊണ്ടാണ് പല രാജ്യങ്ങൾക്കും വലിയ വ്യാപാര മിച്ചം നിലനിർത്താൻ കഴിയുന്നത്. അത് നമുക്ക് ഉടൻ തന്നെ അവസാനിപ്പിക്കാം. പലിശനിരക്ക് കുറയ്ക്കുക, അല്ലെങ്കിൽ അമേരിക്കയ്ക്ക് വ്യാപാര കമ്മിയുള്ള രാജ്യങ്ങളുമായുള്ള വ്യാപാരം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കും,” ട്രംപ് പറഞ്ഞു.
അമേരിക്കൻ സുപ്രീം കോടതിയുടെ പുതിയ തീരുവ സംബന്ധിച്ച തീരുമാനത്തെയും ട്രംപ് വിമർശിച്ചു. അതേസമയം, വ്യാപാര വിഷയങ്ങളിൽ പ്രസിഡന്റിന് ശക്തമായ അധികാരമുണ്ടെന്ന് സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഫെഡറൽ റിസർവ് ബോർഡിനോടും ട്രംപ് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ഉയർന്ന പലിശനിരക്ക് അമേരിക്കയെ ആഗോളതലത്തിൽ അന്യായമായ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണെന്നും അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഫെഡറൽ റിസർവ് ബോർഡ് അതിന്റെ പുതിയ നേതൃത്വത്തോടെ കൂടുതൽ ബുദ്ധിപൂർവം പ്രവർത്തിക്കണം. രാജ്യസ്നേഹികളായി പെരുമാറണം. ഉയർന്ന പലിശനിരക്ക് അമേരിക്കയെ വളരെ അന്യായമായ ഒരു തിരിച്ചടിയിലേക്ക് തള്ളിവിടുന്നു. അത് ഞാൻ അനുവദിക്കില്ല,” ട്രംപ് വ്യക്തമാക്കി.






