തൃശ്ശൂർ: മലയോര ഹൈവേ നിർമാണ ജോലിക്കിടെ സ്കൂൾ കെട്ടിടം ഭാഗികമായി തകർന്നുവീണു. കോടശ്ശേരി ചായ്പൻകുഴി ഗവ. യു.പി. സ്കൂളിനോട് ചേർന്നാണ് അപകടം. അവധിദിവസമായിരുന്നതിനാൽ സ്കൂളിൽ കുട്ടികളോ ജീവനക്കാരോ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മലയോര ഹൈവേ നിർമാണത്തിനായി ഏറ്റെടുത്ത സ്കൂളിന്റെ വശത്ത് കോൺക്രീറ്റ് ഭിത്തി നിർമിക്കുന്നതിനായി ജെ.സി.ബി. ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെയാണ് കെട്ടിടം തകർന്നുവീണത്.
രണ്ട് ക്ലാസ് മുറികൾ പൂർണമായും തകർന്നു. ക്ലാസ് മുറികൾക്ക് മുകളിലെ പ്രധാന വാർക്കയും ചുമരും ഉൾപ്പെടെയാണ് ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അഞ്ചോളം ക്ലാസ് മുറികൾ കൂടി അപകടാവസ്ഥയിലാണ്. ചുമരുകളിലും പ്രധാന വാർക്കയിലും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. കെട്ടിടത്തിന്റെ ശേഷിക്കുന്ന ഭാഗവും തകർന്നുവീഴാനുള്ള സാധ്യതയുള്ളതിനാൽ ആശങ്ക നിലനിൽക്കുകയാണ്.
കെട്ടിടം ഇടിഞ്ഞുവീഴുന്നതിനിടെ അവശിഷ്ടങ്ങൾ വീണ് സ്കൂൾ ബസിന്റെ മുൻവശത്തിനും കേടുപാടുകൾ സംഭവിച്ചു. സംഭവത്തെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.






