മുംബൈ: മഹാരാഷ്ട്രയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗർബ, ദണ്ഡിയ പരിപാടികളിൽ മുസ്ലിംകൾക്ക് പ്രവേശനം അനുവദിക്കരുതെന്ന നിർദേശവുമായി വിശ്വഹിന്ദു പരിഷത്ത്. പരിപാടികളിൽ പങ്കെടുക്കുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണമെന്നും നെറ്റിയിൽ തിലകം ചാർത്തണമെന്നും സംഘാടകർക്ക് വിഎച്ച്പി നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഗർബയും ദണ്ഡിയയും വെറും നൃത്തപരിപാടികളല്ലെന്നും ദേവിയെ ആരാധിക്കുന്നതിന്റെ ഭാഗമാണെന്നുമാണ് വിഎച്ച്പി ദേശീയ വക്താവ് ശ്രിരാജ് നായരുടെ വിശദീകരണം.
വിഗ്രഹാരാധനയിൽ വിശ്വസിക്കാത്തവർ ഇത്തരം പരിപാടികളിൽ പങ്കെടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംകളുടെ പങ്കാളിത്തം അനുവദിക്കില്ലെന്ന തീരുമാനം സംസ്ഥാനത്തുടനീളമുള്ള നവരാത്രി പരിപാടികൾക്ക് ബാധകമാക്കാനാണ് സംഘടനയുടെ നീക്കം. പരിപാടികളിൽ പ്രവേശിക്കുന്നവരെ തിരിച്ചറിയാൻ ആധാർ പരിശോധന നടത്തണമെന്നും വിഎച്ച്പി ആവശ്യപ്പെടുന്നു. നെറ്റിയിൽ തിലകം ചാർത്തുന്നതിന് പുറമെ ഹിന്ദു ആചാരപ്രകാരമുള്ള പൂജകളിൽ പങ്കെടുക്കുന്നതും പ്രവേശനത്തിന് മാനദണ്ഡമാക്കണമെന്ന് നേരത്തെ സംഘടന നിർദേശിച്ചിരുന്നു.
വിഎച്ച്പി, ബജ്റംഗ് ദൾ പ്രവർത്തകർ ഗർബ വേദികളിൽ നിരീക്ഷണം നടത്തുമെന്നും സംഘടന വ്യക്തമാക്കിയിരുന്നു.ഗർബ പരിപാടികളിൽ മുസ്ലിംകളെ വിലക്കുന്നതിന് വിഎച്ച്പി പ്രധാനമായും ഉന്നയിക്കുന്ന കാരണങ്ങളിലൊന്ന് ലവ് ജിഹാദ് ആരോപണമാണ്. ഹിന്ദു സ്ത്രീകളെ പ്രണയബന്ധത്തിലൂടെ മതപരിവർത്തനത്തിലേക്ക് നയിക്കുന്നുവെന്ന ആരോപണമാണ് ഇതിലൂടെ ഹിന്ദുത്വ സംഘടനകൾ ഉന്നയിക്കുന്നത്. 2025ലെ നവരാത്രി കാലത്തും മഹാരാഷ്ട്രയിൽ സമാനമായ വിവാദം ഉയർന്നിരുന്നു. അന്ന് വിഎച്ച്പി ഗർബ പരിപാടികളിൽ ഹിന്ദുക്കൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തണമെന്നും ആധാർ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ചിലയിടങ്ങളിൽ തിലകം, രക്ഷാസൂത്രം, പൂജ എന്നിവയും പ്രവേശനവുമായി ബന്ധപ്പെടുത്തി നിർദേശിച്ചിരുന്നു.






