ന്യൂഡൽഹി: ഇറ്റലിയുടെ രണ്ടാം ലോകമഹായുദ്ധാനന്തര രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന സർക്കാരെന്ന റെക്കോഡ് സ്വന്തമാക്കി പ്രധാനമന്ത്രി ജോർജിയ മെലോണി. വെള്ളിയാഴ്ച 1,413 ദിവസം അധികാരത്തിൽ പൂർത്തിയാക്കിയതോടെയാണ് മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ റെക്കോഡ് മെലോണി മറികടന്നത്.
മെലോണിയുടെ ചരിത്രനേട്ടത്തിൽ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി. ഇറ്റാലിയൻ ജനത മെലോണിയുടെ നേതൃത്വത്തിൽ അർപ്പിക്കുന്ന വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതിഫലനമാണ് ഈ നാഴികക്കല്ലെന്ന് മോദി പറഞ്ഞു.
മെലോണിയെ ‘സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച മോദി, ഇന്ത്യ-ഇറ്റലി പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ ഇരുവരും തമ്മിലുള്ള സൗഹൃദം നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് സമൃദ്ധമായ ഭാവി ഉറപ്പാക്കുന്നതിനായി സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മോദി എക്സിൽ കുറിച്ചു.
ബെനിറ്റോ മുസ്സോളിനിയുടെ ഏകാധിപത്യ ഭരണകാലം ഒഴിവാക്കിയാൽ, ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി നിലനിന്ന സർക്കാരാണ് മെലോണിയുടേത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇറ്റലിയിൽ അധികാരത്തിലെത്തിയ സർക്കാരുകളുടെ ശരാശരി കാലാവധി ഏകദേശം 14 മാസം മാത്രമായിരിക്കെയാണ് 1,413 ദിവസം പിന്നിട്ട് മെലോണി വേറിട്ട റെക്കോഡ് സ്വന്തമാക്കിയത്.
2027ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ നേട്ടം മെലോണിയുടെ രാഷ്ട്രീയ പ്രതിച്ഛായ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. ഇറ്റലിയിൽ പതിവായി നേരിടുന്ന രാഷ്ട്രീയ അസ്ഥിരതയ്ക്ക് പകരം ദീർഘകാല ഭരണസ്ഥിരത നൽകാൻ മെലോണിക്ക് സാധിച്ചുവെന്നതാണ് നേട്ടത്തിന്റെ പ്രധാന പ്രത്യേകത.
എന്നാൽ സർക്കാരിന് മുന്നിൽ വെല്ലുവിളികളുമുണ്ട്. നീതിന്യായ പരിഷ്കരണവുമായി ബന്ധപ്പെട്ട ഹിതപരിശോധനയിലെ തിരിച്ചടി, സാമ്പത്തിക വളർച്ചയിലെ മന്ദഗതി, ജീവിതച്ചെലവ്, പൊതുജനാരോഗ്യം, സുരക്ഷ, കുടിയേറ്റം തുടങ്ങിയ വിഷയങ്ങൾ സർക്കാരിന് തലവേദനയാകുന്നു. 2026ൽ ഇറ്റാലിയൻ സമ്പദ്വ്യവസ്ഥ 0.6 ശതമാനം മാത്രം വളരുമെന്നാണ് പ്രവചനം.
അതേസമയം നികുതി കുറച്ചത്, സർക്കാർ വരുമാനം വർധിപ്പിച്ചത്, ധനകാര്യ അച്ചടക്കം ശക്തിപ്പെടുത്തിയത്, ആഗോളതലത്തിൽ ഇറ്റലിയുടെ സ്വാധീനം വർധിപ്പിച്ചത് എന്നിവ മെലോണി സർക്കാരിന്റെ നേട്ടങ്ങളായി അനുയായികൾ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ-ഇറ്റലി ബന്ധത്തിലും മെലോണിയുടെ ഭരണകാലത്ത് ശ്രദ്ധേയമായ പുരോഗതിയുണ്ടായി. ഈ വർഷം ജൂൺ 16ന് നടന്ന ജി7 ഉച്ചകോടിക്കിടെയാണ് മോദിയും മെലോണിയും അവസാനമായി നേരിൽ കണ്ടത്. ഇരുവരുടെയും ഊഷ്മളമായ ഇടപെടലുകൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
മോദിയുടെയും മെലോണിയുടെയും പേരുകൾ ചേർത്തുണ്ടാക്കിയ ‘മെലോഡി’ എന്ന സമൂഹമാധ്യമ ട്രെൻഡും ഇരുവരുടെയും പുതിയ രാഷ്ട്രീയ ഇടപെടലോടെ വീണ്ടും ചർച്ചയാകുകയാണ്.
Congratulations to my friend Prime Minister Meloni on becoming the longest continuously serving Prime Minister in Italy's postwar history. This milestone is a reflection of the trust and confidence of the Italian people in her leadership.
Her friendship has also been…
— Narendra Modi (@narendramodi) September 4, 2026






