കോഴിക്കോട്: മോഷണം നടത്തിയ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ കാറിൽനിന്ന് പുറത്തിറങ്ങാൻ കൂട്ടാക്കാതെ യുവാവ്. ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ വാഹനത്തിൽനിന്ന് എടുത്തുയർത്തി വീടിനുള്ളിലേക്ക് കൊണ്ടുപോയി പൊലീസ്. കോഴിക്കോട് പേരാമ്പ്രയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
മോഷണക്കേസിൽ കുറ്റാരോപിതനായ രാഹുൽ രാജാണ് തെളിവെടുപ്പിനിടെ പൊലീസിനെ വട്ടംകറക്കിയത്. മുഖം മറച്ച് വാഹനത്തിനുള്ളിൽ ഇരുന്ന രാഹുൽ പുറത്തേക്കിറങ്ങാൻ തയ്യാറായില്ല. പൊലീസ് പലതവണ ആവശ്യപ്പെട്ടിട്ടും അന്വേഷണവുമായി സഹകരിക്കാതെ വാഹനത്തിൽ തന്നെ തുടരുകയായിരുന്നു.
ഇതോടെ പൊലീസ് നാട്ടുകാരുടെ സഹായം തേടി. തുടർന്ന് നാട്ടുകാർ ചേർന്ന് രാഹുലിനെ വാഹനത്തിൽനിന്ന് എടുത്തുയർത്തി വീട്ടിനുള്ളിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്.
ഓഗസ്റ്റ് 10നാണ് പേരാമ്പ്രയിലെ ഒരു വീട്ടിൽ മോഷണം നടന്നത്. വീട്ടിനുള്ളിൽ കയറിയ രാഹുൽ അലമാരകൾ ഉൾപ്പെടെ കുത്തിത്തുറന്ന് മോഷണം നടത്തിയെന്നാണ് പൊലീസ് പറയുന്നത്.
രാഹുലിനൊപ്പം ഉണ്ടായിരുന്ന മുസ്തഫയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനായാണ് കോഴിക്കോട് പന്തീരങ്കാവ് പൊലീസ് രാഹുലിനെ സംഭവസ്ഥലത്തെത്തിച്ചത്.
എന്നാൽ തെളിവെടുപ്പിനിടെ പുറത്തിറങ്ങാൻ വിസമ്മതിച്ചതോടെ പൊലീസിന് രാഹുലിനെ നാട്ടുകാരുടെ സഹായത്തോടെ വീടിനുള്ളിലേക്ക് കൊണ്ടുപോകേണ്ടിവന്നു.






