ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അതി രൂക്ഷ വിമർശനവുമായി ഗോകുലം ഗോപാലൻ. വെള്ളാപ്പള്ളിയെ പോലെ സമുദായത്തെ ദ്രോഹിച്ച് ഉണ്ടാക്കിയ കാശ് തൻ്റെ കയ്യിൽ ഇല്ലെന്നു പറഞ്ഞ ഗോകുലം ഗോപാലൻ അധ്വാനിച്ച് ഉണ്ടാക്കിയ കാശിലാണ് താൻ എല്ലാം കെട്ടിപ്പൊക്കിയതെന്നും വ്യക്തമാക്കി. സമുദായം മുഴുവൻ എതിരാണെന്ന് വെള്ളാപ്പള്ളിക്ക് അറിയാം. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിന് സ്റ്റേ വാങ്ങാൻ പോയത്. പണ്ട് ഈഴവൻ്റെ ഈശ്വരൻ എന്ന് വെള്ളാപ്പള്ളിയെ ഞാൻ വിശേഷിപ്പിച്ചിട്ടുണ്ട്. ഇത്ര ദുഷ്ടനാണെന്ന് അറിയില്ലായിരുന്നുവെന്നും എസ്എൻഡിപി യോഗം പീത വിപ്ലവ സമിതി അവകാശ പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് ഗോകുലം ഗോപാലൻ പറഞ്ഞു.
അതുപോലെ വെള്ളാപ്പള്ളി മുസ്‌ലിങ്ങൾക്കെതിരെ പറയുകയാണെന്നും എന്തിനാണ് അത്തരത്തിൽ വിദ്വേഷ പ്രസംഗമെന്നും അദ്ദേഹം ചോദിച്ചു. എല്ലാ തലത്തിലും മുസ്‌ലിങ്ങളെ ഉപയോഗപ്പെടുത്തിയിട്ട് കുറ്റപ്പെടുത്തുകയാണ് വെള്ളാപ്പള്ളി. വെള്ളാപ്പള്ളി സമർത്ഥനും തന്ത്രശാലിയുമാണ്. പക്ഷെ അത് സമൂഹത്തിന് വേണ്ടി ഉപയോഗിക്കുന്നില്ല. പകരം ഇപ്പോൾ സമൂഹത്തിന് ദ്രോഹം ചെയ്യുന്ന പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. മാവേലിക്കരയിലെ എഞ്ചിനീയറിംഗ് കോളേജിന് വെള്ളാപ്പള്ളി നടേശന്റെ പേരായിരുന്നു. സംസ്‌കാരമില്ലാത്ത ഒരാളുടെ പേര് കോളേജിൽ നിന്ന് മാറ്റാൻ 60 കോടി രൂപ താൻ മുടക്കിയെന്നും അദ്ദേഹം പറഞ്ഞു. ഈഴവർ മുഴുവൻ വെള്ളാപ്പള്ളി പറഞ്ഞാൽ കേൾക്കുമെന്നാണ് ധരിച്ചിരിക്കുന്നതെന്നും അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്കിത് തിരിച്ചുവരവാണ്. പരാജയപ്പെടില്ല, വിജയിക്കുമെന്ന് മനസ് പറയുന്നു. വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ എന്നെപ്പറ്റി നിരവധി ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. ഗുരുദേവന്റെ പ്രാർത്ഥന എനിക്കറിയില്ല എന്നാണ് പറയുന്നത്. ഇങ്ങനെയൊക്കെ പറയുന്നതിൽ വലിയ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നല്ല രീതിയിൽ യോജിച്ചാൽ പീത വിപ്ലവ സമിതിയെ നന്നായി കൊണ്ടുപോകാൻ കഴിയുമെന്നും ഗോകുലം ഗോപാലൻ വ്യക്തമാക്കി.
അതേസമയം മോദിയുടെ ഭരണകാലം ഇന്ത്യയുടെ സുവർണകാലമാണ്. തനിക്ക് പ്രത്യേകിച്ച് രാഷ്ട്രീയമില്ല. കേരളത്തിലും നല്ലൊരു ഭരണം വന്നു. പ്രതിപക്ഷവും ശക്തമാണ്. നമ്മുടെ മുന്നേറ്റത്തിന് സർക്കാരിന്റെ പിന്തുണ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ഗോകുലം ഗോപാലൻ കൂട്ടിച്ചേർത്തു.






