സേലം: ഓമല്ലൂരിൽ ഇഷ്ടിക വ്യാപാരി വി. ഭൂപതിയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഭൂപതിയെ കൊലപ്പെടുത്തിയത് ഭാര്യ വെളഗൗണ്ടന്നൂർ സ്വദേശി സുജിതശ്രീ (31) ആണെന്ന് ഓമല്ലൂർ പോലീസ് കണ്ടെത്തി. ചൊവ്വാഴ്ച ഓമല്ലൂർ ശങ്കരി റോഡിലാണ് കാറിനുള്ളിൽ ഭൂപതിയുടെ മൃതദേഹം കണ്ടെത്തിയത്.
മൂന്നുപേർ ചേർന്ന് ഭൂപതിയെ കുത്തിക്കൊലപ്പെടുത്തിയെന്നും 12 പവൻ സ്വർണം കവർന്നെന്നുമായിരുന്നു സുജിതശ്രീ ആദ്യം പോലീസിന് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഭൂപതിയുടെ സഹോദരങ്ങളും ബന്ധുക്കളും സുജിതശ്രീക്കെതിരെ സംശയം പ്രകടിപ്പിച്ചു.
സുജിതശ്രീയും ഭർത്താവും ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നുവെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തലിനെ തുടർന്ന് പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് സംഭവത്തിന്റെ യഥാർഥ വിവരം പുറത്തുവന്നതെന്ന് ഓമല്ലൂർ ഇൻസ്‌പെക്ടർ എസ്.എം. ഷൺമുഖം പറഞ്ഞു.
സുജിതശ്രീക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഇക്കാര്യം ഭൂപതി ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. വീട്ടിനുള്ളിൽവെച്ചാണ് ഭൂപതിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കൊലപാതകത്തിന് പിന്നാലെ മൃതദേഹം കാറിനുള്ളിൽ കിടത്തി കവർച്ചയ്ക്കിടെയുണ്ടായ കൊലപാതകമാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു. സുജിതശ്രീയെ സഹായിച്ചവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.






