വണ്ടൂർ: റഷീദ് ഭാര്യയെ കുത്തിക്കൊന്ന ഞെട്ടലില്‍ നാട്. മാസങ്ങളോളം മദ്യം തൊടാതിരിക്കുകയും ഉപയോഗം തുടങ്ങിയാൽ ഇരുപത്തിനാല് മണിക്കൂറും മദ്യലഹരിയിലാകുകയും ചെയ്യുന്ന പ്രകൃതക്കാരനാണ് റഷീദ്. മദ്യം ഉപയോഗിച്ചുതുടങ്ങിയാൽ വീട്ടിൽ അക്രമാസക്തനാണ്. ഇതോടെ ഭാര്യ സ്വന്തം വീട്ടിൽ പോകും. ദിവസങ്ങൾക്കുശേഷം മദ്യപാനം നിർത്തി മഹല്ലിലും രാഷ്ട്രീയനേതാക്കളെ സമീപിച്ചും ഭാര്യയെ തിരികെയെത്തിക്കാൻ ഇടപെടൽ നടത്തണമെന്ന് കെഞ്ചും. ഭാര്യക്കും കുടുംബത്തിനും ഉറപ്പുകൾ നൽകി ഇവരെ തിരികേകൊണ്ടുവരും.
പിന്നീട് മാസങ്ങളോളം സന്തുഷ്ട കുടുംബജീവിതം. മദ്യം വില്ലനാകുന്നതോടെ വീണ്ടും പഴയപടി. ഈ ഓണത്തിനുശേഷമാണ് വീണ്ടും മദ്യം ഉപയോഗിച്ചുതുടങ്ങിയത്. നല്ല കുടുംബാന്തരീക്ഷത്തിൽ ജനിച്ചുവളർന്ന റഷീദ് മദ്യപസംഘത്തിൽ എത്തിപ്പെട്ടതോടെയാണ് ജീവിതം താളംതെറ്റിയതും കൊലപാതികത്തിൽവരെ എത്തിയതെന്നും നാട്ടുകാർ പറയുന്നു. കമ്പനിക്കുവേണ്ടി ചെറിയരീതിയിൽ മദ്യപാനം തുടങ്ങി പിന്നീട് മുഴുക്കുടിയനായി.
ഭാര്യയെ കുത്തിയശേഷം റഷീദിന്റെ ആർത്തുകരച്ചിൽകേട്ടാണ് അയൽവാസികൾ വിവരമറിയുന്നത്. അടുക്കളയിൽ ചോരയിൽ കുളിച്ചുകിടക്കുന്ന ഫസീലയുടെ അടുത്തിരുന്നു ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ സഹായിക്കണമെന്ന് കരഞ്ഞ് അഭ്യർഥിക്കുകയായിരുന്നു ഇയാളെന്ന് ആശുപത്രിയിലേക്ക് കാറോടിച്ച അയൽവാസി ജൈസൽ പറഞ്ഞു. ഇവരോടൊപ്പം കാറിൽ റഷീദും കയറി. ആശുപത്രിയിലെത്തുന്നതുവരെ കരച്ചിലും വേഗതകൂട്ടാനും പറഞ്ഞിരിക്കുകയായിരുന്നു റഷീദ്.






