വാഷിങ്ടൺ: ഇറാനെതിരായ അമേരിക്കൻ സൈനിക ആക്രമണം കൂടുതൽ ശക്തമാക്കി അമേരിക്ക. ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് അമേരിക്കൻ സേന രാത്രിയിലും ആക്രമണം തുടർന്നു. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്കും മേഖലയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സൈനികർക്കുമെതിരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നടത്തിയതായി അമേരിക്ക ആരോപിക്കുന്ന ആക്രമണങ്ങളുടെ മറുപടിയായാണ് പുതിയ വ്യോമാക്രമണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കി.
ഇതിനിടെ, തെക്കൻ ഇറാനിലെ സിറിക് മേഖലയിലെ സിറിക് നഗരത്തിൽ വിവാഹാഘോഷം നടന്നുകൊണ്ടിരുന്ന വീടിന് സമീപം അമേരിക്കൻ മിസൈൽ ആക്രമണത്തിൽ നിന്നുള്ള ചീളുകൾ പതിച്ച് കുട്ടിയടക്കം നാല് പേർ കൊല്ലപ്പെട്ടതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ 50ഓളം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.
അതേസമയം, അമേരിക്കൻ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. പിന്നാലെ തിരിച്ചടിയെന്നോണം ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ചെങ്കടലിന് സമീപത്തെ ജോർദാനിയൻ നഗരമായ അഖാബയിൽ യുഎസ് കേന്ദ്രങ്ങളും ഇറാനും ആക്രമിച്ചു. ഒട്ടേറെ യുഎസ് സൈനികരെ വധിച്ചുവെന്നാണ് ഇറാൻ അവകാശപ്പെടുന്നത്.
നേരിട്ടുള്ള അമേരിക്കൻ ബോംബാക്രമണം പുനരാരംഭിച്ചതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച ഇറാൻ പരമോന്നത നേതാവ് മൊജ്താബ ഖമേനി, അമേരിക്കയ്ക്ക് മറക്കാനാവാത്ത പാഠങ്ങൾ നൽകാൻ ഇറാൻ സായുധ സേന തയ്യാറാണെന്ന് വ്യക്തമാക്കി. പുതിയ അമേരിക്കൻ ആക്രമണങ്ങളിൽ വാഷിങ്ടൺ പശ്ചാത്തപിക്കേണ്ടിവരും എന്നും ആക്രമണകാരികളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണെന്നും IRGC വക്താവ് ഹൊസൈൻ മൊഹെബി എക്സിൽ കുറിച്ചു.
ഞായറാഴ്ചയാണ് പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പുതിയ ഘട്ടത്തിന് തുടക്കമായത്. ഏതാനും ആഴ്ചകൾക്ക് ശേഷം ആദ്യമായി അമേരിക്ക ഇറാനിലെ ലക്ഷ്യങ്ങൾക്കെതിരെ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ജോർദാനിലും യുഎഇയിലുമുള്ള അമേരിക്കൻ സൈനികരെ ഇറാൻ ലക്ഷ്യമിട്ടതായും രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു.
ചൊവ്വാഴ്ചയും അമേരിക്ക ഇറാനിൽ കൂടുതൽ ആക്രമണങ്ങൾ നടത്തി. ഹോർമുസ് കടലിടുക്കിനോട് ചേർന്ന തെക്കൻ ഇറാനിലും ഗൾഫിലെ ഒരു ദ്വീപിലും സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. തെക്കൻ കെർമാൻ പ്രവിശ്യയിലെ ഒരു വിമാനത്താവളവും അമേരിക്കൻ സേന ആക്രമിച്ചതായി റിപ്പോർട്ടുണ്ട്. സിറിക്കിലെ കുഹെസ്താക് നഗരത്തിൽ വിവാഹച്ചടങ്ങ് നടന്നുകൊണ്ടിരിക്കെയാണ് ആക്രമണത്തിന്റെ ചീളുകൾ വീടിന് സമീപം പതിച്ചതെന്നാണ് റിപ്പോർട്ടുകൾ. ചബഹാർ, കൊനാറക് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നാല് പ്രൊജക്ടൈലുകൾ പതിച്ചതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ IRNA റിപ്പോർട്ട് ചെയ്തു. എന്നാൽ അവിടെ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
എന്നാൽ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യം ആക്രമണം നടത്തിയെന്ന ആരോപണം CENTCOM നിഷേധിച്ചു. സിവിലിയൻ മരണവുമായി ബന്ധപ്പെട്ട് വിശ്വസനീയമായ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് CENTCOM വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ്, അമേരിക്കൻ സൈന്യം സാധാരണക്കാരെ ലക്ഷ്യമിടാറില്ലെന്നും IRGCയിൽ നിന്ന് വ്യത്യസ്തമാണെന്നും പ്രതികരിച്ചു.
ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്കെതിരെയും മേഖലയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സൈനികർക്കെതിരെയും IRGC നടത്തിയതായി പറയപ്പെടുന്ന ആക്രമണങ്ങളാണ് പുതിയ ആക്രമണങ്ങൾക്ക് കാരണമെന്ന് CENTCOM നേരത്തെ വ്യക്തമാക്കിയിരുന്നു. ഹോർമുസ് കടലിടുക്കിൽ കടൽ മൈനുകൾ സ്ഥാപിക്കാനുള്ള ഇറാന്റെ പരാജയപ്പെട്ട ശ്രമത്തിന് തിരിച്ചടിയായാണ് ആക്രമണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതികരിച്ചിരുന്നു. ഇറാൻ തിരിച്ചടിച്ചാൽ കൂടുതൽ ശക്തമായ ആക്രമണം നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
“ഇത് ഏറ്റവും വലിയ ആക്രമണമാകില്ല; അതിനായി മറ്റൊന്ന് കാത്തിരിക്കുകയാണ്. അത് അവസാനിക്കുമ്പോൾ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിൽ വളരെ കുറച്ച് മാത്രമേ അവശേഷിക്കൂ” എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാനും തിരിച്ചടി ശക്തമാക്കി. ജോർദാനിലെ യുഎസ് മറൈൻ കോർപ്സ് ക്യാമ്പായ ക്യാമ്പ് ടിറ്റിനെതിരെ ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി IRGC അവകാശപ്പെട്ടു. എന്നാൽ ഇറാനിൽനിന്ന് വിക്ഷേപിച്ച കുറഞ്ഞത് 10 ബാലിസ്റ്റിക് മിസൈലുകൾ തങ്ങളുടെ സേന തടഞ്ഞതായി ജോർദാൻ സൈന്യം അറിയിച്ചു.
ഇസ്രയേലിന്റെയും സൗദി അറേബ്യയുടെയും അതിർത്തിക്ക് സമീപമുള്ള ഗൾഫ് ഓഫ് അക്കാബ മേഖലയിലാണ് അമേരിക്കൻ പരിശീലന ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. ആക്രമണത്തിൽ ക്യാമ്പിന് നേരിട്ട് നാശനഷ്ടമോ ആളപായമോ ഉണ്ടായതായി ജോർദാൻ സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് മിസൈലുകൾ ജനവാസമില്ലാത്ത പ്രദേശങ്ങളിൽ പതിച്ചതായും ജോർദാൻ സൈന്യം അറിയിച്ചു.
കുവൈത്തിലും ബഹ്റൈനിലും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ബഹ്റൈനിൽ സാധ്യതയുള്ള ഭീഷണി സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ജനങ്ങളോട് പരിഭ്രാന്തരാകാതെ ഏറ്റവും അടുത്തുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാനും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരാനും അധികൃതർ നിർദേശിച്ചു.
മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കെതിരായ ആക്രമണം തുടരുമെന്ന് ഇറാനും വ്യക്തമാക്കി. ഇറാന്റെ ഖാതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് കേണൽ ഇബ്രാഹിം സോൽഫഘാരി, അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയെന്നും അടിസ്ഥാന സൗകര്യങ്ങൾക്കും ആയുധങ്ങൾക്കും സൈനിക ഉപകരണങ്ങൾക്കും കനത്ത നാശനഷ്ടം സംഭവിച്ചതായും അവകാശപ്പെട്ടു.
അമേരിക്കൻ സൈനികരിലും കമാൻഡർമാരിലും ഗണ്യമായ എണ്ണം പേർ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നും ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദങ്ങൾ അമേരിക്ക സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. അമേരിക്ക വീണ്ടും ആക്രമണം നടത്തിയാൽ അതിന് കൂടുതൽ വ്യാപകവും ശക്തവും നാശകാരിയുമായ തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കൻ സൈനിക നടപടികൾക്ക് സഹകരിക്കുന്ന ഏത് രാജ്യവും അതിന്റെ അപകടകരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
Targeting a wedding and slaughtering innocent civilians in Kuhestak, Iran, is the ultimate proof of the utter desperation of the fake defenders of human rights, a repetition of their atrocities in Minab and Lamerd.
Make no mistake: these crimes will not go unpunished. Nothing… pic.twitter.com/3EcHmkxxqZ
— ابراهیم عزیزی (@Ebrahimazizi33) September 1, 2026






