ഉദുമ: കാസർകോട് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ തട്ടി കണ്ടെയ്നർ ലോറിയിൽ തീപ്പിടിച്ച് അപകടം. ലോറിയിലുണ്ടായിരുന്ന മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു. കോഴിക്കോടുനിന്ന് ഉഡുപ്പിയിലേക്ക് വലിയ ഫ്രിഡ്ജുകളുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
പള്ളിക്കര മൗവ്വൽ റിഫായിയ മസ്ജിദിന് സമീപം ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. വാഹനത്തിൽ ഘടിപ്പിച്ച കണ്ടെയ്നറിലാണ് ആദ്യം തീപ്പടർന്നത്. പിന്നാലെ തീ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റും കാസർകോട്ടുനിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി. ബേക്കൽ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഒരുമണിക്കൂറിനുള്ളിൽ തീ പൂർണമായും അണച്ചു.
ഇരുപതോളം ഫ്രിഡ്ജുകൾ കണ്ടെയ്നറിൽനിന്ന് കേടുപാടുകളില്ലാതെ പുറത്തെടുത്തു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവറും ക്ലീനറും വാഹനത്തിൽനിന്ന് പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. അധികൃതരുടെ ഗതാഗത നിയന്ത്രണ മുന്നറിയിപ്പ് അവഗണിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.
ചൊവ്വാഴ്ച മുതൽ കാഞ്ഞങ്ങാട് കാസർകോട് സംസ്ഥാനപാതയിലെ പള്ളിക്കര മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടിരുന്നു. വലിയ വാഹനങ്ങൾ കാഞ്ഞങ്ങാട് സൗത്തിൽനിന്ന് ദേശീയപാത വഴി മംഗളൂരു ഭാഗത്തേക്ക് പോകണമെന്നായിരുന്നു നിർദേശം. എന്നാൽ അപകടത്തിൽപ്പെട്ട ലോറി സംസ്ഥാനപാതയിലൂടെ തന്നെയാണ് സഞ്ചരിച്ചത്.
പാലം അടച്ചതറിഞ്ഞതോടെ പള്ളിക്കര കവലയിൽനിന്ന് വലത്തേക്ക് തിരിഞ്ഞ ലോറി മൗവ്വൽ വാട്ടർ ടാങ്ക് കവല വഴി മൗവ്വൽ, ബേക്കൽ തച്ചങ്ങാട് റോഡിലെത്തി കാസർകോട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് റിഫായിയ മസ്ജിദിന് സമീപം വൈദ്യുതി കമ്പിയിൽ തട്ടി തീപിടിച്ചത്.






