ബ്യൂണസ് അയേഴ്സ്: ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ വിടവാങ്ങൽ. 21 വർഷം നീണ്ട രാജ്യാന്തര ഫുട്ബോൾ കരിയറിനൊടുവിൽ അർജന്റീനിയൻ ജേഴ്സിയോട് ഔദ്യോഗികമായി വിടപറയുന്നതായി മെസ്സി പ്രഖ്യാപിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് ലോകമെമ്പാടുമുള്ള ആരാധകരെ കണ്ണീരിലാഴ്ത്തുന്ന തീരുമാനം താരം അറിയിച്ചത്.
അർജന്റീനയ്ക്കായി സ്വപ്നം കണ്ടതെല്ലാം സ്വന്തമാക്കിയ ശേഷമാണ് മെസ്സി പടിയിറങ്ങുന്നത്. അർജന്റീനക്കാരനായി ജനിപ്പിച്ചതിന് ദൈവത്തിന് നന്ദിയുണ്ടെന്നും അഭിമാനത്തോടെയും സമാധാനത്തോടെയുമാണ് താൻ മടങ്ങുന്നതെന്നും മെസ്സി കുറിച്ചു. ഒരിക്കൽ സ്വപ്നം കണ്ട നിമിഷങ്ങളെല്ലാം അനുഭവിക്കാനായതിന്റെ സന്തോഷത്തോടെയാണ് ഈ യാത്ര അവസാനിപ്പിക്കുന്നതെന്നും താരം പറഞ്ഞു.
‘ഹൃദയം പറിഞ്ഞുപോകുന്ന വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നത്. എന്നാൽ മടങ്ങാനുള്ള സമയം ഇതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ വിജയങ്ങളിൽ മാത്രമല്ല, എല്ലാക്കാലത്തും ഈ ജേഴ്സിക്കായി ഞാൻ സർവതും നൽകിയിട്ടുണ്ട്. അർജന്റീനക്കാരൻ എന്ന നിലയിൽ നിങ്ങളെ ഓരോരുത്തരെയും അഭിമാനം കൊള്ളിക്കാനാണ് മൈതാനത്ത് പോരാടിയത്’ – മെസ്സി കുറിച്ചു.
രാജ്യത്തിനായി നേടിയ കിരീടങ്ങളുടെ മാത്രം പേരിലല്ല തന്റെ യാത്രയെന്നും അതിന് മുൻപും ടീമിനായി എല്ലാം നൽകിയിട്ടുണ്ടെന്നും മെസ്സി പറഞ്ഞു. ഇനി നൽകാൻ ഒന്നുമില്ല. പുതിയ തലമുറയിലെ മികച്ച യുവതാരങ്ങൾക്ക് വഴിമാറിക്കൊടുക്കേണ്ട സമയമാണിതെന്നും താരം വ്യക്തമാക്കി.
39-ാം വയസിലാണ് 21 വർഷം നീണ്ട രാജ്യാന്തര കരിയറിന് മെസ്സി വിരാമമിടുന്നത്. അർജന്റീനയ്ക്കായി 207 മത്സരങ്ങളിൽ നിന്ന് 125 ഗോളുകൾ നേടിയ മെസ്സി 2008ലെ ഒളിമ്പിക്സ് സ്വർണം, 2021ലെയും 2024ലെയും കോപ്പ അമേരിക്ക കിരീടങ്ങൾ, 2022ലെ ലോകകപ്പ് കിരീടം തുടങ്ങി രാജ്യത്തിനായി സ്വന്തമാക്കാവുന്ന വലിയ നേട്ടങ്ങളെല്ലാം സ്വന്തമാക്കി.
ടീമിനെ ഇനിയും പിന്തുണയ്ക്കുമെന്നും മോശം സമയങ്ങളിൽ കൂടുതൽ ശക്തമായി ഒപ്പം നിൽക്കുമെന്നും മെസ്സി വ്യക്തമാക്കി. 21 വർഷം തനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും കുടുംബത്തിനും പരിശീലകർക്കും സഹതാരങ്ങൾക്കും ആരാധകർക്കും നന്ദി പറഞ്ഞ താരം, തന്റെ ഹൃദയത്തോട് ചേർത്തുപിടിച്ച എല്ലാ ഓർമകളുമായാണ് മടങ്ങുന്നതെന്നും കുറിച്ചു.
ഇനി അർജന്റീനയ്ക്കായി മൈതാനത്ത് ഇറങ്ങില്ല. പകരം ഗാലറിയിലിരുന്ന് ഒരു സാധാരണ ആരാധകനായി സ്വന്തം രാജ്യത്തിനായി ശബ്ദമുയർത്തും. തന്റെ വിടവാങ്ങൽ കുറിപ്പിന്റെ അവസാന വരികളിലൂടെ മെസ്സി പറഞ്ഞുവച്ചതും അതുതന്നെ. ഒരു ഫുട്ബോൾ ഇതിഹാസത്തിന്റെ 21 വർഷത്തെ അത്ഭുത യാത്രയ്ക്ക് അവിടെ തിരശ്ശീല വീഴുകയാണ്.






