തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്ത് കൂടുതൽ സജീവമാകാൻ മന്ത്രി സണ്ണി ജോസഫ്. മന്ത്രിയുടെ വകുപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്ക് പരിഹാരമായ സാഹചര്യത്തിൽ ഇനി പാർട്ടി പ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. തിരുവനന്തപുരത്തുള്ള ദിവസങ്ങളിൽ കെപിസിസി ആസ്ഥാനത്ത് സജീവമായി പ്രവർത്തിക്കാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. അടുത്ത വ്യാഴാഴ്ച രാഷ്ട്രീയകാര്യസമിതി യോഗവും ചേരും.
മന്ത്രിസഭയിലെ അംഗങ്ങളായ എം. ലിജുവും പി.സി. വിഷ്ണുനാഥും കെപിസിസി വർക്കിങ് പ്രസിഡന്റുമാരാണ്. ഇവരോടും സംഘടനാ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ നിർദേശം നൽകിയിട്ടുണ്ട്. കെപിസിസി അധ്യക്ഷനും വർക്കിങ് പ്രസിഡന്റുമാരും വിവിധ ജില്ലകളിൽ പര്യടനം നടത്താനും തീരുമാനമായി.
കേന്ദ്രസർക്കാരിനെതിരെയടക്കം വിവിധ വിഷയങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. യു.ഡി.എഫ്. അധികാരത്തിലെത്തിയതിന് പിന്നാലെ കോൺഗ്രസ് സംഘടനാതലത്തിൽ നിർജീവമാണെന്നും കാര്യമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നില്ലെന്നും വിമർശനം ഉയർന്നിരുന്നു.
കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പുതിയൊരാളെ തിരഞ്ഞെടുക്കാൻ പാർട്ടിക്ക് കഴിയാത്തതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത്. അധ്യക്ഷസ്ഥാനത്തേക്ക് ഏഴുപേരുടെ പേരുകൾ ഉയർന്നിരുന്നെങ്കിലും തീരുമാനം നീണ്ടുപോകുകയായിരുന്നു.
ഈ സാഹചര്യത്തിൽ പാർട്ടിക്കെതിരായ വിമർശനങ്ങൾക്ക് താത്കാലികമായി തടയിടുന്നതിനൊപ്പം സംഘടനാ പ്രവർത്തനങ്ങൾ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സണ്ണി ജോസഫ് കെപിസിസി അധ്യക്ഷസ്ഥാനത്ത് കൂടുതൽ സജീവമാകുന്നത്.






