കണ്ണൂർ: സമസ്ത നേതാവ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ആവർത്തിച്ചുള്ള സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ വീണ്ടും സിപിഎം നേതാവ് പികെ ശ്രീമതി ടീച്ചർ. കാന്തപുരം വീണ്ടും സ്ത്രീവിരോധം ഛർദ്ദിക്കുന്നുവെന്ന് ശ്രീമതി ടീച്ചർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പ്രായാധിക്യത്തിന്റെ അത്തും പിത്തുമായിട്ട് മാത്രം ഇത്തരം പ്രസ്താവനകളെ അവഗണിച്ച് തള്ളിയാൽ കാലം ആധുനിക കേരളത്തിന് മാപ്പ് നൽകില്ലെന്ന് പികെ ശ്രീമതി പറഞ്ഞു.
പികെ ശ്രീമതി ടീച്ചറുടെ പോസ്റ്റ് ഇങ്ങനെ
“സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം ,സ്ത്രീകൾ പൊതുവേദിയിലിറങ്ങിയാൽ വൻ നാശം “.
വീണ്ടും സ്ത്രീവിരോധം ഛർദ്ദിക്കുന്നു .അതിനുള്ള ചുട്ട മറുപടി ഇസ്ലാം മതത്തിലെ ഒരു ചെറുപ്പക്കാരി തന്നെ നൽകിയിട്ടുണ്ട്. പ്രായാധിക്യത്തിന്റെ അത്തും പിത്തുമായിട്ട് മാത്രം ഇത്തരം പ്രസ്താവനകളെ അവഗണിച്ച് തള്ളിയാൽ കാലം ആധുനിക കേരളത്തിന് മാപ്പ് നൽകില്ല
അതേസമയംനബിദിന ആഘോഷവുമായി ബന്ധപ്പെട്ട് പ്രസ്താവനയിറക്കി വിവാദത്തിലായതിന് പിന്നാലെ ഇന്നലെ വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി കാന്തപുരം രംഗത്തെത്തിയിരുന്നു. സ്ത്രീകളെ രംഗത്തിറക്കിയാൽ വലിയ നാശമാണ് എന്ന് കണ്ടത് കൊണ്ടാണ് ഇസ്ലാം പർദ്ദ നിർബന്ധമാക്കിയതെന്നായിരുന്നു കാന്തപുരത്തിൻറെ പ്രസ്താവന. മാത്രമല്ല പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നും അതാണ് ഖുർആൻ പഠിപ്പിക്കുന്നതെന്നും കാന്തപുരം പറഞ്ഞു. സ്ത്രീകൾ പൊതു വേദിയിൽ ഇറങ്ങിയാൽ അതു വലിയ നാശമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘സ്ത്രീകൾ പൊതു വേദിയിൽ ഇറങ്ങരുത് എന്ന് പറയുന്നത് ബഹുമാനം കൊണ്ടാണ്. സ്ത്രീകൾ പൊതു വേദിയിൽ ഇറങ്ങിയാൽ അത് വലിയ നാശമാണ്. അതാണ് ഇസ്ലാം പർദ്ദ ഏർപ്പെടുത്തിയത്. അതാണ് മതം പഠിപ്പിക്കുന്നത്. ആരെങ്കിലും ചോദ്യം ചെയ്താൽ പേടിച്ച് ഓടില്ല. ഇത് പറയുമ്പോൾ വേറെ ഏതെങ്കിലും സംഘടന കാന്തപുരത്തിന് എന്ത് അധികാരം എന്ന് ചോദിക്കുന്നു. ഞങ്ങൾ മതത്തെ കുറിച്ച് പഠിച്ചവരാണ്. ഞങ്ങൾക്ക് മുസ്ലിം സമുദായത്തോട് പറയാൻ ഉള്ള അവകാശം ഉണ്ട്. പറയുക തന്നെ ചെയ്യും. ആരെങ്കിലും പറഞ്ഞാൽ പേടിച്ച് ഓടില്ല’, കാന്തപുരം പറഞ്ഞു.
നേരത്തെ ഇസ്ലാമിക ആഘോഷങ്ങളിൽ സ്ത്രീകളെ പൊതുയിടങ്ങളിൽ പ്രദർശിപ്പിക്കരുതെന്ന വിവാദ നിർദേശവുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു. അന്യപുരുഷന്മാർക്കിടയിൽ വേദിയിലോ, പൊതുയിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുത്. ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നും കാന്തപുരം അബൂബക്കർ മുസ്ലിയാർ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞിരുന്നു.






