ബംഗളൂരു: കർണാടകയിലെ ധാർവാഡ് റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിൻ കോച്ചിനുള്ളിൽ യുവതിയുടെ അർധനഗ്ന മൃതദേഹം കണ്ടെത്തി. സീറ്റിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ടതാണോ എന്ന സംശയത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാവിലെ ധാർവാഡ് റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിൽ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് റെയിൽവേ ജീവനക്കാർ മൃതദേഹം കണ്ടത്. തുടർന്ന് വിവരം അറിയിച്ചതോടെ ധാർവാഡ് റെയിൽവേ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
രാത്രിയാത്രയ്ക്കിടെ ഒറ്റയ്ക്കായിരുന്ന യുവതിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണോ എന്ന സംശയമാണ് പോലീസിനുള്ളത്. മൃതദേഹം അർധനഗ്നമായ നിലയിൽ കണ്ടെത്തിയതാണ് ഈ സംശയത്തിന് കാരണം. എന്നാൽ മറ്റെവിടെയെങ്കിലും വച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രെയിനിൽ ഉപേക്ഷിച്ചതാകാമെന്ന സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.
കോലാപൂരിൽനിന്ന് എത്തിയ ട്രെയിനിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂവെന്ന് പോലീസ് അറിയിച്ചു.
കാണാതായ യുവതികളെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ട്രെയിൻ പുറപ്പെട്ട കോലാപൂർ മുതൽ ധാർവാഡ് റെയിൽവേ സ്റ്റേഷൻ വരെയുള്ള വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
സംഭവത്തിൽ കൊലപാതകമുൾപ്പെടെയുള്ള സാധ്യതകൾ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.






