റാഞ്ചി: തടവുകാർക്ക് പകൽ സമയങ്ങളിൽ ജയിലിന് പുറത്തുപോയി ജോലി ചെയ്ത് വരുമാനം കണ്ടെത്താൻ അനുമതി നൽകാൻ ഝാർഖണ്ഡ് സർക്കാർ. തടവുകാർക്ക് സ്വന്തം വരുമാനം കണ്ടെത്തുന്നതിനൊപ്പം കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും അവസരം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പകൽ ജോലി ചെയ്യുന്ന തടവുകാർ വൈകുന്നേരത്തോടെ നിർബന്ധമായും ജയിലിലേക്ക് മടങ്ങിയെത്തണം.
സംസ്ഥാനത്തെ നാല് പ്രധാന സെൻട്രൽ ജയിലുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. റാഞ്ചിയിലെ ബിർസ മുണ്ട സെൻട്രൽ ജയിൽ, ഹസാരിബാഗിലെ ജയ് പ്രകാശ് നാരായൺ സെൻട്രൽ ജയിൽ, ഈസ്റ്റ് സിങ്ഭൂമിലെ ഘാഘിദിഹ് സെൻട്രൽ ജയിൽ, ദുംക സെൻട്രൽ ജയിൽ എന്നിവയാണ് ഇതിനായി തിരഞ്ഞെടുത്തത്.
പദ്ധതിയുടെ ഭാഗമായി യോഗ്യരായ തടവുകാർക്ക് രാവിലെ ആറ് അല്ലെങ്കിൽ ഏഴ് മണിയോടെ ജയിലിന് പുറത്തുപോയി ജോലി ചെയ്യാം. ഏകദേശം 12 മണിക്കൂറിന് ശേഷം വൈകുന്നേരത്തോടെ ജയിലിൽ തിരിച്ചെത്തണം. പദ്ധതി നടപ്പാക്കുന്ന ജയിലുകളെല്ലാം നഗരപ്രദേശങ്ങളിലായതിനാൽ തടവുകാർക്ക് ജോലി കണ്ടെത്താനും വരുമാനം നേടാനും കൂടുതൽ അവസരമുണ്ടാകുമെന്ന് ജയിൽ ഐജി സുദർശൻ മണ്ഡൽ പറഞ്ഞു.
എല്ലാ തടവുകാർക്കും ഈ ആനുകൂല്യം ലഭിക്കില്ല. തിരഞ്ഞെടുത്ത തടവുകാർക്ക് മാത്രമായിരിക്കും ജയിലിന് പുറത്തുപോയി ജോലി ചെയ്യാനുള്ള അനുമതി. ഇതിനായി പ്രത്യേക മാർഗനിർദേശങ്ങൾ തയ്യാറാക്കും. തടവുകാരുടെ പെരുമാറ്റം, ജയിൽ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചായിരിക്കും യോഗ്യത നിശ്ചയിക്കുക.
തടവുകാരുടെ തിരുത്തൽ നടപടികൾ ശക്തമാക്കുന്നതിനും ശിക്ഷാകാലാവധിക്ക് ശേഷം അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്ക് ഝാർഖണ്ഡ് മന്ത്രിസഭ അടുത്തിടെ അംഗീകാരം നൽകിയിരുന്നു. ‘ഝാർഖണ്ഡ് പ്രിസൺ ആൻഡ് കറക്ഷണൽ സർവീസ് ആക്ട്, 2025’ന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.






