കൊച്ചി: വിനോദസഞ്ചാര- വിനോദ ബോട്ടിംഗ് മേഖലയിലെ വിദേശ ആശ്രയത്വം അവസാനിപ്പിച്ച് കേരളത്തെ ഏഷ്യയിലെ പ്രമുഖ ബോട്ട നിർമ്മാണ കേന്ദ്രമാക്കാൻ കൊച്ചി ആസ്ഥാനമായുള്ള ‘എം.കെ.ഇ.എൽ മറൈൻ’ (MKEL Marine). ആഗോള നിലവാരത്തിൽ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത അഞ്ച് പുതിയ ഫ്ലാഗ്ഷിപ്പ് വാട്ടർക്രാഫ്റ്റ് ലൈനുകൾ കമ്പനി പുറത്തിറക്കി.
ഞാറക്കലിലെ നിർമ്മാണ യൂണിറ്റിൽ നടന്ന ചടങ്ങിൽ പ്രശസ്ത നാവികനും നാവികസേനാ മുൻ കമാൻഡറുമായ അഭിലാഷ് ടോമി പുതിയ ബോട്ട് നിരകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നാവിക ആർക്കിടെക്റ്റും എം.കെ.ഇ.എൽ മറൈൻ സ്ഥാപകനുമായ ജോസ് ബാബു മാളിയേക്കലിന്റെ നേതൃത്വത്തിലാണ് അത്യാധുനിക കോമ്പോസിറ്റ് റെസിൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഉയർന്ന കാര്യക്ഷമതയുള്ള ഈ യാനങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
പുറത്തിറക്കിയ 5 പ്രമുഖ മോഡലുകൾ:
ടൂറിങ് & എക്സ്പീഡിഷൻ കയാക്കുകൾ: പരിസ്ഥിതി സൗഹൃദ ടൂറിസത്തിനും കായിക വിനോദങ്ങൾക്കുമായി ഭാരം കുറഞ്ഞ കോമ്പോസിറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ചത്.
വേലോർ പവർബോട്ട് സീരീസ്: കോസ്റ്റൽ പട്രോളിംഗ്, ആഡംബര യാത്രകൾ എന്നിവയ്ക്കായി ആഘാത പ്രതിരോധശേഷിയുള്ള മറൈൻ റെസിൻ ഉപയോഗിച്ച് നിർമ്മിച്ച അതിവേഗ ബോട്ടുകൾ.
വർക്ക് മോട്ടോർ ബോട്ടുകൾ: കായൽ ടൂറിസം, സ്പോർട്സ് ഫിഷിംഗ്, റിസോർട്ട് ആവശ്യങ്ങൾ എന്നിവയ്ക്ക അനുയോജ്യമായ കൂടുതൽ ഇന്ധനക്ഷമതയുള്ള ബോട്ടുകൾ.
എയറോസെയിലിങ് ഫ്ലീറ്റ്: കടൽ യാത്രകൾക്കും മത്സരങ്ങൾക്കുമായി വായുപ്രധിരോധം കുറഞ്ഞ രീതിയിൽ രൂപകൽപ്പന ചെയ്ത സെയ്ലിംഗ് യാട്ടുകൾ.
റേസിംഗ് എക്സ് എലൈറ്റ്: സ്പോർട്സ് അക്കാദമികൾക്കും അന്താരാഷ്ട്ര മത്സരങ്ങൾക്കുമായി വായുചലന ശാസ്ത്ര തത്വങ്ങൾ (Aerodynamics) അടിസ്ഥാനമാക്കി തയ്യാറാക്കിയ മത്സര ബോട്ടുകൾ.
ആഗോള സാങ്കേതികവിദ്യ, പ്രാദേശിക നിർമ്മാണം
ആഗോളതലത്തിൽ ശ്രദ്ധേയരായ ഓസ്ട്രേലിയയിലെ പെർത്ത് ആസ്ഥാനമായ ‘ബി & ജി യാട്ട് ഡിസൈനുമായി’ (B&G Yacht Design) കമ്പനി പങ്കാളിത്ത കരാറിലെത്തി. പ്രശസ്ത ഡിസൈനർ റോബർട്ടോ ബാരോസ് രൂപകൽപ്പന ചെയ്ത രണ്ട് സിഗ്നേച്ചർ സെയ്ലിംഗ് യാട്ടുകൾ ആഗോള വിപണിയിലുടനീളം നിർമ്മിച്ച് വിപണനം ചെയ്യാനുള്ള അവകാശം ഇനി എം.കെ.ഇ.എൽ മറൈനായിരിക്കും.
“തദ്ദേശീയമായ നാവിക രൂപകല്പനയും അന്താരാഷ്ട്ര സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് ഇന്ത്യയിലെ വിനോദ-ബോട്ടിംഗ് മേഖലയിൽ വലിയ മാറ്റത്തിനാണ് തുടക്കമിടുന്നത്. കേരളത്തെ ഏഷ്യയിലെ പ്രമുഖ ബോട്ട് നിർമ്മാണ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം,” എം.കെ.ഇ.എൽ മറൈൻ ഫൗണ്ടറും സി.ഇ.ഒയുമായ ജോസ് ബാബു മാളിയേക്കൽ പറഞ്ഞു.
10 കോടി രൂപയുടെ വികസന പദ്ധതികൾ
നിലവിൽ 2.5 കോടി രൂപ നിക്ഷേപിച്ച കമ്പനി, 2027 ഓടെ മൂലധന നിക്ഷേപം 10 കോടി രൂപയായി ഉയർത്തും. പദ്ധതി പൂർത്തീകരണത്തിന്റെ ഭാഗമായി ടെക്നിക്കൽ മേഖലയിൽ ജീവനക്കാരുടെ എണ്ണം 2027 പകുതിയോടെ 50 ആയും 2028 ഓടെ 100 ആയും ഉയർത്തും.
യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യൻ രാജ്യങ്ങൾ, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ലക്ഷ്യമിടുന്നതിലൂടെ, ഉയർന്ന ഗുണനിലവാരമുള്ള മറൈൻ എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങളുടെ കയറ്റുമതി കേന്ദ്രമായി കേരളത്തെ മാറ്റാനാണ് കമ്പനി പദ്ധതിയിടുന്നത്. ടോണി ചമ്മണി എം.എൽ.എ., യൂറോടെക് മാരിടൈം അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടർ ബാബു ജോസഫ്, മാനേജിംഗ് ഡയറക്ടർ ജെൻസൺ പോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.






