ജൽഗാവ്: രക്ഷാബന്ധൻ ദിനത്തിൽ സഹോദരിയുടെ കൈയിൽ നിന്ന് രാഖി കെട്ടിവാങ്ങി വീട്ടിലേക്ക് മടങ്ങിയ പതിനേഴുകാരൻ പിന്നീട് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത് മഹാരാഷ്ട്രയിലെ ജൽഗാവിൽ ഞെട്ടലായി. പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ രോഹിത് സഹേബ്രാവു ധൻഗറാണ് മരിച്ചത്. രക്ഷാബന്ധൻ ദിനത്തിൽ പിതാവിനൊപ്പമാണ് രോഹിത് സഹോദരിയെ കാണാനെത്തിയത്. രാഖി കെട്ടിയ ശേഷം വീട്ടിലേക്ക് മടങ്ങി.
പിന്നാലെ സഹോദരിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് വൈകാരികമായ സന്ദേശവും കുറിച്ചു. ‘അമ്മയെയും അച്ഛനെയും ഒറ്റയ്ക്കാക്കരുത്’ എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കമെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ രോഹിത് സുഹൃത്തിനും വീഡിയോ സന്ദേശം അയച്ചിരുന്നു. ഓൺലൈൻ ഗെയിമിങ്ങിലൂടെ പണം നഷ്ടപ്പെട്ടതായി വീഡിയോയിൽ പറഞ്ഞിരുന്നതായാണ് പ്രാഥമിക വിവരം.
രോഹിത്തിന്റെ സന്ദേശങ്ങളിൽ ആശങ്ക തോന്നിയ സുഹൃത്തുക്കളും മറ്റുള്ളവരും ഉടൻ വീട്ടിലെത്തി. എന്നാൽ അപ്പോഴേക്കും രോഹിത്തിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കുടുംബം ഉടൻ തന്നെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സംഭവത്തിന് മുമ്പ് രോഹിത് മറ്റൊരു വൈകാരിക സന്ദേശവും സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നതായാണ് റിപ്പോർട്ട്. തന്റെ അഭാവത്തെക്കുറിച്ചുള്ള സൂചനകൾ നൽകുന്ന തരത്തിലുള്ളതായിരുന്നു കുറിപ്പ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രോഹിത്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യം, ഓൺലൈൻ ഗെയിമിങ്ങുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ടമുണ്ടായിരുന്നോ, മറ്റേതെങ്കിലും കാരണങ്ങൾ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.






