തൃശ്ശൂർ: “എയിംസ് വരും കേട്ടോ മറ്റേ മോനെ” എന്ന വൈറൽ ഡയലോഗ് കേന്ദ്രമന്ത്രി മറന്നുവെന്നു തോന്നുന്നു… തൃശ്ശൂരിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ നിന്ന നിൽപ്പിൽ മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് താൻ എയിംസിനെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ‘എയിംസിനെ സംബന്ധിച്ച് ഒരു ഇലക്ഷൻ പ്രചരണത്തിലും അങ്ങനെ ഒരു വാക്കേ ഉച്ചരിച്ചിട്ടില്ല. നിങ്ങൾക്ക് എല്ലാ പ്രസംഗങ്ങളും എടുത്തു നോക്കാം’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. തൃശ്ശൂരിൽ എയിംസ് വരണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങൾക്കൊപ്പമാണ് താനെന്നും എന്നാൽ കേരള സർക്കാർ വിചാരിച്ചാൽ മാത്രമേ അത് ഇവിടെ സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.
അതുപോലെ തൃശ്ശൂരിൽ എയിംസ് സ്ഥാപിക്കുന്നതിനായി മണ്ണുത്തിയിലും പോലീസ് അക്കാദമിയിലും സ്ഥലമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ മറ്റത്തൂർ പഞ്ചായത്തിൽ ലീസ് കാലാവധി കഴിഞ്ഞ 400 ഏക്കറോളം സ്ഥലവുമുണ്ടെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. മുൻപ് ഭരിച്ച സർക്കാർ ഇക്കാര്യത്തിൽ വലിയ വിമുഖതയാണ് കാണിച്ചത്. ഇപ്പോഴത്തെ സർക്കാരെങ്കിലും അതിൽ വിമുഖത കാണിക്കാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മന്ത്രിയുടെ ഈ മലക്കംമറിച്ചിലിനു പിന്നിലുള്ള കാരണം എന്താണെന്ന സംഭവം തികച്ചും അജ്ഞാതമാണ്. തൃശ്ശൂരിൽ മത്സരിക്കാൻ എത്തുന്നതിന് മുൻപ് എയിംസിനെ കുറിച്ച് സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്. “എയിംസ് ആലപ്പുഴ തന്നെ” എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. രാഷ്ട്രീയ ഇടപെടലുകൾ കാരണം തകർന്ന ആലപ്പുഴയിലേക്ക് എയിംസ് വരണമെന്നാണ് താൻ ആഗ്രഹിച്ചതെന്നും തൃശ്ശൂരിൽ വരണമെന്ന് താൻ മുൻപ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.






