കോഴിക്കോട്: സി.പി.എം. മലപ്പുറത്ത് സംഘടിപ്പിച്ച വഖ്ഫ് സെമിനാറിലെ പ്രസംഗത്തിന്റെ പേരിൽ തനിക്കെതിരേ നടപടിയാവശ്യപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അവാസ്തവമാണെന്ന് സമസ്ത മുശാവറ അംഗം മുക്കം ഉമർ ഫൈസി. മുനമ്പം വഖ്ഫ് ഭൂമി വിഷയത്തിലും സംസ്ഥാന വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ടും തനിക്കെതിരേയും നടക്കുന്ന തെറ്റായ പ്രചാരണങ്ങളുടെ വസ്തുത സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് വഖ്ഫ് ബോർഡ് അംഗമെന്ന നിലയിൽ തന്റെ ബാധ്യതയാണെന്നും അതിനാലാണ് സെമിനാറിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
സെമിനാറിൽ മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉൾപ്പെടെ വിവിധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു. വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ട നിലവിലുള്ള ചില കാര്യങ്ങൾ വ്യക്തമാക്കുക മാത്രമാണ് പ്രസംഗത്തിലൂടെ ചെയ്തതെന്നും ഉമർ ഫൈസി വ്യക്തമാക്കി.
ഹൈക്കോടതിയിൽ ആർ.എസ്.എസിനും ബി.ജെ.പി. നേതാവിനും അനുകൂലമായി സംസ്ഥാന സർക്കാർ സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്തപ്പോഴും സർക്കാർ അഭിഭാഷകൻ കോടതിയിൽ ആർ.എസ്.എസിന് അനുകൂലമായ നിലപാട് സ്വീകരിച്ചപ്പോഴും മൗനം പാലിച്ചവരാണ് ഇപ്പോൾ തനിക്കെതിരേ പരാതിയുമായി രംഗത്തെത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ഫയൽ ചെയ്ത ഹർജിയിൽ വഖ്ഫ് ബോർഡ് കേരളത്തിന്റെ പൊതുക്രമത്തിന് തടസ്സമാണെന്ന ആർ.എസ്.എസ്. നിലപാട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉമർ ഫൈസി പറഞ്ഞു. എന്നാൽ ഹൈക്കോടതിയിൽ നൽകിയ മറുപടിയിൽ സർക്കാർ ഈ വാദത്തെ തള്ളിക്കളയാതെ അംഗീകരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
മുനമ്പം വിഷയം മുൻനിർത്തി വഖ്ഫ് ബോർഡ് പിരിച്ചുവിടണമെന്ന ആർ.എസ്.എസ്. വാദത്തിന് സർക്കാർ അനുകൂല മറുപടി നൽകിയതായി ഷോൺ ജോർജ് ഫയൽ ചെയ്ത ഹർജിയിലെ രേഖകളിൽ വ്യക്തമാണെന്നും ഫൈസി പറഞ്ഞു. മുനമ്പത്തെ വഖ്ഫ് ഭൂമിയിൽനിന്ന് കൈയേറ്റക്കാരെ ഒഴിപ്പിക്കില്ലെന്ന് വി.ഡി. സതീശൻ ഉറപ്പുനൽകിയതായും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കും ഇതേ നിലപാടാണെന്നും ഹർജിയിലെ രേഖകളിൽ പറയുന്നതായും അദ്ദേഹം ആരോപിച്ചു.
ആർ.എസ്.എസിന്റെയും കാസയുടെയും നിലപാടുകളെ തള്ളിക്കളയാതെ അംഗീകരിക്കുന്ന രീതിയിലാണ് സർക്കാർ ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്തതെന്നും ഉമർ ഫൈസി ആരോപിച്ചു.
ഷോൺ ജോർജിന്റെ ഹർജിയിലെ നിലപാടുകൾ അംഗീകരിച്ച് രണ്ട് അമുസ്ലിം അംഗങ്ങളെ വഖ്ഫ് ബോർഡിൽ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഫൈസി പറഞ്ഞു. ഈ ഉറപ്പ് പാലിക്കപ്പെട്ടാൽ വഖ്ഫ് ബോർഡിൽ നിയമിക്കപ്പെടുന്ന അമുസ്ലിം അംഗങ്ങൾ ആർ.എസ്.എസ്. അനുഭാവികളാകാനുള്ള സാധ്യതയെയാണ് തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതി രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും ഉമർ ഫൈസി കൂട്ടിച്ചേർത്തു.






