ന്യൂഡൽഹി: ഇപ്പോഴും 50 രൂപയ്ക്കാണ് മുടിവെട്ടുന്നതെന്നും അതാണ് തനിക്ക് ഇഷ്ടമെന്നും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. വിലകൂടിയ വസ്തുക്കൾ തന്റെ കൈവശമുണ്ടെങ്കിൽ അവയെല്ലാം സുഹൃത്തുക്കൾ സമ്മാനമായി നൽകുന്നതാണെന്നും ലാളിത്യത്തിൽ അധിഷ്ഠിതമായ ജീവിതശൈലിയാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശിവകുമാറിന്റെ പ്രതികരണം.
ഡൽഹിയിൽ ഡി.കെ. ശിവകുമാറിനെ സന്ദർശിച്ചപ്പോഴുണ്ടായ അനുഭവം മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി പങ്കുവച്ചതോടെയാണ് 50 രൂപയുടെ മുടിവെട്ടിനെക്കുറിച്ചുള്ള പരാമർശമുണ്ടായത്. ഡൽഹിയിലെ ഒരു കോളനിയിലെ തന്റെ പ്രിയപ്പെട്ട ബാർബറുടെ അടുത്തുപോയി മുടിവെട്ടാനായിരുന്നു ശിവകുമാറിന്റെ ആഗ്രഹം. സുരക്ഷാ ജീവനക്കാർ ഇത് തടഞ്ഞതോടെ ബാർബറെ വീട്ടിലേക്ക് വിളിച്ചുവരുത്താമെന്ന് നിർദേശിച്ചു. എന്നാൽ അതിനും തയ്യാറാകാതെ ശിവകുമാർ നേരിട്ട് ബാർബറുടെ അടുത്തേക്ക് പോകുകയായിരുന്നു.
ലൂയി വിറ്റൺ സ്കാർഫ് പോലുള്ള വിലകൂടിയ ബ്രാൻഡഡ് വസ്തുക്കൾ സുഹൃത്തുക്കൾ സമ്മാനമായി നൽകുന്നതാണെന്നും ശിവകുമാർ അഭിമുഖത്തിൽ പറഞ്ഞു. ലളിതമായി ജീവിക്കുകയെന്നത് തന്റെ അടിസ്ഥാനപരമായ ജീവിതശൈലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ശിവകുമാറിന്റെ അവകാശവാദത്തിനെതിരെ ബിജെപി രംഗത്തെത്തി. 50 രൂപയുടെ മുടിവെട്ടിനൊപ്പം റോളക്സ് വാച്ച്, ലൂയി വിറ്റൺ സ്കാർഫ്, കാർട്ടിയർ വാച്ച് തുടങ്ങിയ വിലകൂടിയ വസ്തുക്കളും ഉപയോഗിക്കുന്ന ശിവകുമാറിന്റെ ജീവിതശൈലി എങ്ങനെയാണ് ലളിതമാകുകയെന്ന് ബിജെപി എക്സിലൂടെ ചോദിച്ചു. ശിവകുമാറിന്റെ പ്രസ്താവന കാപട്യത്തിന്റെ പരകോടിയാണെന്നും ബിജെപി വിമർശിച്ചു.
2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമർപ്പിച്ച സത്യവാങ്മൂലത്തിലെ കണക്കുകൾ പ്രകാരം ഡി.കെ. ശിവകുമാറിനും കുടുംബത്തിനും 1,413.78 കോടി രൂപയുടെ സ്വത്തുവകകളുണ്ട്. ഇതിൽ 273.42 കോടി രൂപയുടെ ജംഗമ സ്വത്തുക്കളും 1,140.38 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളുമാണ് ഉൾപ്പെടുന്നത്.






