കോഴിക്കോട്: ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസുമായി കടന്നുകളയാൻ ശ്രമിച്ച് മോഷ്ടാക്കൾ. കൊയിലാണ്ടി ബസ് സ്റ്റാൻഡിലാണ് സിനിമാക്കഥയെ അനുസ്മരിപ്പിക്കുന്ന മോഷണശ്രമം നടന്നത്. കോഴിക്കോട്–കൊയിലാണ്ടി റൂട്ടിൽ സർവീസ് നടത്തുന്ന ‘സെനോ’ ബസാണ് മോഷ്ടിക്കാൻ ശ്രമിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. ബസ് കടത്തിക്കൊണ്ടുപോകുന്നതിനിടെ റോഡരികിലെ ചെളിയിൽ താഴ്ന്നതോടെ മോഷ്ടാക്കൾ ബസ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
തിങ്കളാഴ്ച രാത്രി ഒൻപതുമണിയോടെ അവസാന ട്രിപ്പ് പൂർത്തിയാക്കിയ ബസ് കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടതായിരുന്നു. പേരാമ്പ്ര ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്ന ട്രാക്കിലാണ് ബസ് പാർക്ക് ചെയ്തിരുന്നത്. പുലർച്ചെയോടെ സ്റ്റാൻഡിലെത്തിയ മോഷ്ടാക്കൾ ബസ് സ്റ്റാർട്ട് ചെയ്ത് കടന്നുകളയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
കൊയിലാണ്ടിയിൽനിന്ന് ബസുമായി മുന്നോട്ട് പോയ സംഘം ദേശീയപാത 66-നോട് ചേർന്ന അപ്രോച്ച് റോഡിലൂടെയാണ് സഞ്ചരിച്ചത്. പൊയിൽക്കാവിനും ചെങ്ങോട്ടുകാവിനും ഇടയിലെത്തിയപ്പോഴാണ് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ ചെളിയിൽ താഴ്ന്നത്. തുടർന്ന് ബസ് ഒരു വശത്തേക്ക് ചരിഞ്ഞ് സമീപത്തെ വീടിന്റെ ചുറ്റുമതിലിനോട് ചേർന്ന് നിൽക്കുകയായിരുന്നു.
ബസ് മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വന്നതോടെയാണ് മോഷ്ടാക്കൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്. പുലർച്ചെ പ്രദേശവാസികൾ ശ്രദ്ധിച്ചെങ്കിലും ബസ് എങ്ങനെ അവിടെയെത്തിയെന്നത് ആദ്യം വ്യക്തമായിരുന്നില്ല.
രാവിലെ സുഹൃത്തുക്കൾ വിളിച്ച് അറിയിച്ചതോടെയാണ് ബസ് മോഷണം പോയ വിവരം ഉടമ സലാഹുദ്ദീൻ അറിയുന്നത്. കുറുവങ്ങാട് സ്വദേശിയായ സലാഹുദ്ദീന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്.
സംഭവത്തിന് പിന്നിൽ ഒന്നിലധികം പേർ ഉണ്ടായിരുന്നോ, മോഷ്ടാക്കൾക്ക് ബസിനെക്കുറിച്ച് നേരത്തെ അറിയാമായിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ബസ് സ്റ്റാൻഡിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.






