കാക്കിനാഡ: എൻജിനീയറും കുടുംബവും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഷൂട്ടിങ് കോച്ച് അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കാക്കിനാഡയിൽ ഓഗസ്റ്റ് 16ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പഞ്ചായത്ത് രാജ് അസിസ്റ്റന്റ് എൻജിനീയർ തില്ലാപുഡി നൂകരാജു, ഭാര്യ മീന, മകൾ സൗജന്യ എന്നിവരാണ് രാജമഹേന്ദ്രാവരത്തെ റോഡ് കം റെയിൽ പാലത്തിൽനിന്ന് ഗോദാവരിയിലേക്ക് ചാടി മരിച്ചത്.
സംഭവത്തിൽ ഷെയ്ഖ് സാദിക് ഖാൻ എന്ന ഷൂട്ടിങ് പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. സാദിക് ഖാൻ നൂകരാജുവിനെയും കുടുംബത്തെയും മതംമാറ്റാൻ ശ്രമിച്ചുവെന്നും കൊലപാതകത്തിനും കവർച്ചയ്ക്കും പ്രേരിപ്പിച്ചുവെന്നുമാണ് ആരോപണം. ഇക്കാര്യം സൂചിപ്പിക്കുന്ന നൂകരാജുവിന്റെ കുറിപ്പ് കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. പല സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന സാദിക് ഖാനെ ഉത്തർപ്രദേശിലെ മീററ്റിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ കണ്ടെത്താൻ 10 പൊലീസ് സംഘങ്ങളെയാണ് നിയോഗിച്ചിരുന്നത്. നൂകരാജുവുനെയും കുടുംബത്തെയും രണ്ടു വർഷമായി സാദിക് ഖാന് പരിചയമുണ്ടെന്ന് പൊലീസ് പറയുന്നു. നൂകരാജുവിന്റെ മകൾ സൗജന്യയുടെ മകൻ പഠിക്കുന്ന സ്കൂളിലെ ഷൂട്ടിങ് പരിശീലകനാണ് സാദിക് ഖാൻ. നൂകരാജുവിന്റെ ആത്മഹത്യക്കുറിപ്പിലെ ആരോപണങ്ങളെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. അതേസമയം, സംഭവത്തിൽ സിബിഐയോ എൻഐഎയോ അന്വേഷണം നടത്തണമെന്നും ഇതിൽ വൻ ഗൂഢാലോചനയും രാജ്യാന്തര ഇടപെടലും ഉണ്ടെന്ന് മുൻ എംപി വിജയസായി റെഡ്ഡി ആവശ്യപ്പെട്ടു. മതപരിവർത്തനവും കവർച്ചയും തോക്ക് വിതരണവും രാജ്യവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്ന പത്തംഗ സംഘത്തിലെ അംഗമാണ് ഖാനെന്നും റെഡ്ഡി ആരോപിച്ചു.





