വാഷിങ്ടൺ: ഇറാനെതിരെ സാമ്പത്തിക ‘ഡി-ഡേ’ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ കടുത്ത നിലപാടുമായി അമേരിക്ക. ഇറാനെ പണം വെളുപ്പിക്കാൻ സഹായിക്കുന്ന രാജ്യങ്ങളെയും സ്ഥാപനങ്ങളെയും അമേരിക്കൻ ഡോളർ സംവിധാനത്തിൽ നിന്ന് പുറത്താക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ബെസന്റിന്റെ ശക്തമായ പ്രഖ്യാപനം. ഇറാന്റെ വരുമാനത്തിന്റെ എല്ലാ സാധ്യതയുള്ള വഴികളും അടയ്ക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള സാമ്പത്തിക ബന്ധങ്ങൾ അവസാനിപ്പിക്കാൻ തയ്യാറാകാത്ത രാജ്യങ്ങൾക്കും ഉപരോധം നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനെ സഹായിക്കുന്നതായി ആരോപിക്കപ്പെടുന്ന രാജ്യങ്ങളുടെ പേരുകൾ ബെസന്റ് വ്യക്തമാക്കിയില്ല. എന്നാൽ ഇറാനുമായുള്ള സാമ്പത്തിക ഇടപാടുകളിൽ ‘ഗ്രേ ഏരിയകളിൽ’ തുടരുന്നത് ഇനി അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
“ഇറാനുവേണ്ടി പണം വെളുപ്പിക്കുന്ന ഏതൊരു സ്ഥാപനവും യുഎസ് ഡോളർ സംവിധാനത്തിൽ നിന്ന് പുറത്താക്കപ്പെടും. സമയം ഇപ്പോൾ തുടങ്ങി,” ബെസന്റ് പറഞ്ഞു.ഇറാന്റെ ഇടപാടുകൾ സുഗമമാക്കുകയോ ഇറാന്റെ എണ്ണ വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം പണമാക്കി മാറ്റാൻ സഹായിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളും അമേരിക്കയുടെ ലക്ഷ്യമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനുമായി ഏതുതരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയാലും ബന്ധപ്പെട്ടവർ അമേരിക്കൻ ശക്തിയുടെ പൂർണ സ്വാധീനത്തിന് വിധേയരാകുമെന്നും ബെസന്റ് മുന്നറിയിപ്പ് നൽകി.
“ടെഹ്റാനെ സഹായിക്കുന്നവർ അമേരിക്കയുടെ നിലപാട് പരീക്ഷിക്കുന്നതിന്റെ വില നൽകേണ്ടിവരും. നമ്മുടെ സംവിധാനത്തിന്റെ നേട്ടങ്ങൾ ആസ്വദിച്ചുകൊണ്ട് അതിനെ തകർക്കാൻ ശ്രമിക്കുന്നവരാകാൻ ഒരു രാജ്യത്തിനും കഴിയില്ല,” ബെസന്റ് പറഞ്ഞു. ഇറാനുമായുള്ള ബന്ധം തുടരുന്ന രാജ്യങ്ങൾ സമൃദ്ധിക്കും ഒറ്റപ്പെടലിനും, സമാധാനത്തിനും ഭീകരതയ്ക്കും, അമേരിക്കയ്ക്കും ഇറാനും ഇടയിൽ തിരഞ്ഞെടുക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാന്റെ സമ്പദ്വ്യവസ്ഥ തകർച്ചയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇറാൻ “പൂർണമായും തകർന്നുകൊണ്ടിരിക്കുകയാണ്” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാൻ സാമ്പത്തികമായും സൈനികമായും ‘മരണച്ചുഴിയിൽ’ അകപ്പെട്ടിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.
അതിനിടെ, ഇറാന്റെ കറൻസിയായ റിയാൽ വീണ്ടും റെക്കോർഡ് താഴ്ചയിലെത്തി. വ്യാപാരം ആരംഭിക്കുമ്പോൾ ഒരു യുഎസ് ഡോളറിന് ഏകദേശം 2.02 ദശലക്ഷം റിയാൽ എന്ന നിലയിലേക്കാണ് മൂല്യം ഇടിഞ്ഞത്. യുദ്ധം ആരംഭിക്കുന്നതിന് മുമ്പുതന്നെ പണപ്പെരുപ്പവും സാമ്പത്തിക വളർച്ചയിലെ ഇടിവും ഇറാന്റെ സമ്പദ്വ്യവസ്ഥയെ സമ്മർദത്തിലാക്കിയിരുന്നു. യുദ്ധം ആരംഭിച്ചതിന് പിന്നാലെ സാധാരണ ജനങ്ങളുടെ ജീവിതച്ചെലവും കുത്തനെ ഉയർന്നതായി റിപ്പോർട്ടുകൾ പറയുന്നു. അരിയുടെ വില ഏകദേശം 60 ശതമാനവും ബീഫിന്റെ വില 150 ശതമാനത്തിലേറെയും വർധിച്ചതായാണ് കണക്ക്. ഇറാന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം അഞ്ച് ശതമാനത്തിലധികം ചുരുങ്ങുമെന്നാണ് അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) പ്രവചനം.






