ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ചുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ. സാമ്പത്തിക യുദ്ധം തുടരുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് വഴിയോ പേർഷ്യൻ ഉൾക്കടലിലെ മറ്റേതെങ്കിലും ഭാഗത്തുകൂടിയോ ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
അതുപോലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഹോർമുസ് സംബന്ധിച്ച അവകാശവാദങ്ങൾക്കെതിരെയും ഇറാൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ പിന്തുണയ്ക്കുകയോ അതിൽ പങ്കാളിയാകുകയോ ചെയ്യുന്ന ഏതൊരു രാജ്യത്തെയും ഇറാൻ യുദ്ധത്തിൽ പങ്കാളിയായ രാജ്യമായി കണക്കാക്കുമെന്നും ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സൻ റെസായി എക്സിൽ കുറിച്ചു.
“സാമ്പത്തിക യുദ്ധം തുടർന്നാൽ, ഒരു തുള്ളി എണ്ണ പോലും ഹോർമുസ് കടലിടുക്ക് വഴിയോ പേർഷ്യൻ ഗൾഫിലെവിടെ നിന്നോ കയറ്റുമതി ചെയ്യില്ല. ഇറാനിയൻ ജനതയ്ക്കെതിരായ അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തിൽ ഏതെങ്കിലും രാജ്യം പങ്കെടുക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നത് ഇറാൻ ഒരു യുദ്ധനടപടിയായി കണക്കാക്കും,” റെസായി മുന്നറിയിപ്പ് നൽകി.
അതേസമയം ലോകത്തെ ക്രൂഡ് ഓയിൽ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന നിർണായക ജലപാതയാണ് ഇറാനും ഒമാനും ഇടയിലുള്ള ഹോർമുസ് കടലിടുക്ക്. ഫെബ്രുവരി 28ന് ആരംഭിച്ച ഇറാൻ-അമേരിക്ക സംഘർഷത്തെ തുടർന്ന് കടലിടുക്കിലെ ഗതാഗതം വലിയ തോതിൽ തടസ്സപ്പെട്ടിരിക്കുകയാണ്.
ഹോർമുസ് കടലിടുക്ക് അമേരിക്കൻ നിയന്ത്രണത്തിലുള്ള പ്രദേശമാക്കുമെന്ന തരത്തിൽ ട്രംപ് ആവർത്തിച്ച് പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെയാണ് ഇറാന്റെ പുതിയ പ്രതികരണം. അതേസമയം, ഹോർമുസ് പ്രതിസന്ധി അവസാനിപ്പിക്കാൻ അമേരിക്കൻ ഭരണകൂടത്തിന് മേൽ സമ്മർദം ശക്തമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഹോർമുസ് തുറക്കുകയാണെങ്കിൽ ഇറാനുമായുള്ള ശത്രുത അവസാനിപ്പിക്കുകയും ആണവകരാറിനായുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നതായി നേരത്തെ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനിടെ ഹോർമുസിലൂടെ കപ്പലുകൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി ഇറാനും ഒമാനും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ടും ഇരുരാജ്യങ്ങളും ചർച്ചകൾ നടത്തുന്നുണ്ട്. കപ്പലുകളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുന്ന സംവിധാനവും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ എല്ലാ കപ്പലുകൾക്കും ഹോർമുസ് സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയണമെന്നാണ് ട്രംപിന്റെ നിലപാട്.
മാത്രമല്ല ഇറാനുമായുള്ള ഒമാന്റെ ധാരണയിൽ അമേരിക്ക അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഒമാൻ ഇടപെടുകയാണെങ്കിൽ ശക്തമായ ആക്രമണം നടത്തുമെന്ന തരത്തിൽ ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നെങ്കിലും ഒമാൻ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. അതേസമയം, കഴിഞ്ഞ 48 മണിക്കൂറിനിടെ ഹോർമുസ് കടലിടുക്കിൽ സ്ഥിരീകരിക്കപ്പെട്ട ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കപ്പൽ ഗതാഗതം ഇപ്പോഴും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. അമേരിക്കൻ സൈന്യത്തിന്റെ കണക്കനുസരിച്ച് ഇറാനിയൻ തുറമുഖങ്ങളുടെ ഉപരോധത്തെ തുടർന്ന് ഞായറാഴ്ച മാത്രം 70 വാണിജ്യ കപ്പലുകൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്.






