ന്യൂഡൽഹി: ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഭാര്യ വീട്ടുകാരെ വിളിച്ചുവരുത്തുകയും സംഘമെത്തി ഭർത്താവിനെ മർദിച്ച് കൊലപ്പെടുത്തി. ഡൽഹിയിലെ നിഹാൽ വിഹാറിൽ വെള്ളിയാഴ്ചയാണ് സംഭവം. 31കാരനായ സോഫ്റ്റ്വെയർ എൻജിനീയർ വിനയ് ഗുപ്തയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ രേഖയുൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രേഖയുടെ രണ്ട് സഹോദരന്മാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
ബുദ്ധ് വിഹാർ സ്വദേശിനിയായ രേഖയെ മൂന്നര വർഷം മുൻപാണ് വിനയ് വിവാഹം കഴിച്ചത്. ലക്ഷ്മി പാർക്കിൽ താമസിച്ചിരുന്ന ദമ്പതികൾക്ക് നാല് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്. ആൺകുട്ടിയും പെൺകുട്ടിയുമാണ് ഇവർ. ഐ.ടി. മേഖലയിൽ ജോലി ചെയ്തിരുന്ന വിനയ്ക്ക് പ്രതിവർഷം ഏകദേശം 60 ലക്ഷം രൂപയായിരുന്നു ശമ്പളം.
വിനയ്യുടെ അമ്മയുടെ മൊഴി പ്രകാരം, കുട്ടികളിലൊരാൾക്ക് മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ടാണ് ദമ്പതികൾ തമ്മിൽ തർക്കമുണ്ടായത്. തർക്കത്തിനിടെ വിനയ് ശബ്ദമുയർത്തി സംസാരിച്ചതോടെ രേഖ പ്രകോപിതയായി വീട്ടിൽനിന്ന് ഇറങ്ങിപ്പോയി.
ഏകദേശം 10 മിനിറ്റിന് ശേഷം രേഖ തിരിച്ചെത്തി. എന്നാൽ ഒറ്റയ്ക്കായിരുന്നില്ല. പിതാവ്, അമ്മാവൻ, രണ്ട് സഹോദരന്മാർ, നാത്തൂൻ എന്നിവരടക്കം ആറുപേരാണ് രേഖയ്ക്കൊപ്പം വീട്ടിലെത്തിയത്. വീട്ടിലെത്തിയവർക്ക് വിനയ് കുടിക്കാൻ വെള്ളം എടുത്തുനൽകിയെന്നും പിന്നീട് സംഘം വിനയ്യെ മർദിക്കുകയായിരുന്നുവെന്നും വിനയ്യുടെ അമ്മ ആരോപിച്ചു.
സംഭവസമയത്ത് വിനയ്യുടെ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. ഇവർ അക്രമം തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നാണ് കുടുംബം പറയുന്നത്. വിനയ്യുടെ കഴുത്ത് ഞെരിക്കുകയും നെഞ്ചിൽ കൈയും കാലും ഉപയോഗിച്ച് തുടർച്ചയായി മർദിക്കുകയും ചെയ്തെന്നാണ് ആരോപണം. മർദനമാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന ആരോപണവും വിനയ്യുടെ കുടുംബം ഉന്നയിക്കുന്നുണ്ട്. ആക്രമണത്തിന് തൊട്ടുമുൻപ് വീട്ടിലെ സിസിടിവി ക്യാമറകൾ ഓഫായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. രേഖ തന്നെയാണ് ക്യാമറകൾ മനപ്പൂർവം ഓഫാക്കിയതെന്നും കുടുംബം ആരോപിച്ചു.
വിനയ്യും രേഖയും കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പ്രത്യേക ഭാഗത്തായിരുന്നു താമസിച്ചിരുന്നത്. രേഖ അവിടെ പ്രത്യേകം ഭക്ഷണം പാകം ചെയ്തിരുന്നതായും ഗാർഹിക കാര്യങ്ങളെച്ചൊല്ലി അമ്മായിയമ്മയുമായി നിരന്തരം തർക്കമുണ്ടായിരുന്നുവെന്നും വിനയ്യുടെ കുടുംബം ആരോപിച്ചു.
ദമ്പതികൾ തമ്മിലുള്ള ചെറിയ തർക്കങ്ങൾക്കുപോലും രേഖയുടെ സഹോദരൻ വിനയ്യെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 103(1), 3(5) വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊലപാതകത്തിനും സംഘം ചേർന്നുള്ള കുറ്റകൃത്യത്തിനുമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ദമ്പതികൾ തമ്മിലുള്ള തർക്കത്തിലേക്ക് നയിച്ച കാരണവും വിനയ്യുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. അറസ്റ്റിലായ പ്രതികളെ പ്രത്യേകം ചോദ്യംചെയ്ത് മർദനത്തിൽ ഓരോരുത്തർക്കുമുള്ള പങ്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
ആക്രമണത്തിന് മുമ്പ് സിസിടിവി ക്യാമറകൾ രേഖ മനപ്പൂർവം ഓഫാക്കിയെന്ന കുടുംബത്തിന്റെ ആരോപണവും പൊലീസ് പരിശോധിക്കുന്നുണ്ട്. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.






