വാഷിങ്ടൺ: ഇറാൻ അമേരിക്കയുമായി കരാറിലെത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും തങ്ങൾ ആവശ്യപ്പെടുന്ന ശരിയായ കരാറിന് ഇപ്പോഴും തയ്യാറായിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതുപോലെ മേഖലയിൽ നിർണായക പ്രദേശങ്ങളിൽ അമേരിക്കയ്ക്ക് പൂർണ നിയന്ത്രണമുണ്ടെന്നും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടും യുഎസിന് സമ്പൂർണ നിയന്ത്രണമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
സൗത്ത് കരോലിനയിലെ മർട്ടിൽ ബീച്ചിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ജോയിന്റ് ബേസ് ആൻഡ്രൂസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഇറാനെതിരായ സാമ്പത്തിക നടപടികൾ പ്രഖ്യാപിച്ചതുകൊണ്ട് അമേരിക്കയുടെ സൈനിക സാധ്യതകൾ പരിമിതപ്പെട്ടുവെന്ന് അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
“അവർക്ക് പണമില്ല, നാവികസേനയില്ല, വ്യോമസേനയില്ല. സൈനികർക്കും പൊലീസിനും ശമ്പളം നൽകുന്നില്ല. 350 ശതമാനം പണപ്പെരുപ്പമാണ്,” ട്രംപ് പറഞ്ഞു. ഇറാനെതിരെ ഇനി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതുപോലെ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട മേഖലയിൽ അമേരിക്കയ്ക്ക് പൂർണ നിയന്ത്രണമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. “അവർക്ക് ഒരു കരാർ ഉണ്ടാക്കാൻ വലിയ താൽപര്യമുണ്ട്. പക്ഷേ എന്റെ അഭിപ്രായത്തിൽ ശരിയായ കരാർ അംഗീകരിക്കാൻ അവർ ഇതുവരെ തയ്യാറായിട്ടില്ല,”- ട്രംപ് പറഞ്ഞു.
അതേസമയം ഇറാനെതിരെ താൻ പ്രഖ്യാപിച്ച സാമ്പത്തിക നടപടികളെ ട്രംപ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതിൽ ഏറ്റവും ശക്തമായ സാമ്പത്തിക നീക്കം എന്നാണ് വിശേഷിപ്പിച്ചത്. ഇറാന്റെ എണ്ണക്കടത്ത് ശൃംഖലകൾ, സാമ്പത്തിക ഇടപാടുകൾ, എക്സ്ചേഞ്ച് ഹൗസുകൾ, കപ്പൽ രജിസ്ട്രികൾ, വ്യാജ കമ്പനികൾ എന്നിവ ലക്ഷ്യമിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ നീക്കത്തെ “Economic D-Day” എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാനെ ഒറ്റപ്പെടുത്താനും ഭീഷണി പരാജയപ്പെടുത്താനും അമേരിക്കയുടെ സഖ്യകക്ഷികൾ ഒപ്പം നിൽക്കണമെന്നും ആവശ്യപ്പെട്ടു. ഇറാനുമായി സാമ്പത്തിക, വ്യാപാര, സർക്കാർ തലങ്ങളിൽ സഹകരിക്കുന്ന രാജ്യങ്ങൾക്ക് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതുപോലെ ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ തകർന്നുവെന്ന അവകാശവാദവും ട്രംപ് ആവർത്തിച്ചു. ഇറാന്റെ നാവികസേനയും വ്യോമസേനയും നേതൃത്വവും ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഇപ്പോൾ നിയന്ത്രണം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിലെ പ്രധാന നേതാക്കളുടെ മരണത്തിന് പിന്നാലെ രാജ്യവുമായി ചർച്ചകൾ കൂടുതൽ ബുദ്ധിമുട്ടായെന്നും ട്രംപ് പറഞ്ഞു. അവർക്ക് ആണവായുധം ഉണ്ടാകാൻ കഴിയില്ല, ഉണ്ടാകുകയുമില്ല, എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
അതേസമയം, ട്രംപിന്റെ പുതിയ സാമ്പത്തിക സമ്മർദനീക്കത്തെ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അറാഘ്ചി രൂക്ഷമായി വിമർശിച്ചു. അമേരിക്കയുടെ മുൻ ഉപരോധനയങ്ങൾ പരാജയപ്പെട്ടതുപോലെ പുതിയ നീക്കവും പരാജയപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
“14 വർഷം മുമ്പ് ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധം എന്ന് പറഞ്ഞു. പരാജയപ്പെട്ടു. എട്ട് വർഷം മുമ്പ് പരമാവധി സമ്മർദം എന്ന് പറഞ്ഞു. അതും പരാജയപ്പെട്ടു. അഞ്ച് മാസം മുമ്പ് നിരുപാധിക കീഴടങ്ങൽ എന്ന് പറഞ്ഞു എന്നിട്ടെന്തായി. ഇന്ന് ഏറ്റവും ശക്തമായ സാമ്പത്തിക നീക്കം എന്ന് പറയുന്നു. ഇതും പരാജയപ്പെടും,- അറാഘ്ചി പ്രതികരിച്ചു. അമേരിക്ക നേരിടുന്ന സാമ്പത്തിക വെല്ലുവിളികളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് പുതിയ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ, യുഎസ് തങ്ങളുടെ പ്രതിബദ്ധതകൾ പാലിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന നിലപാട് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ആവർത്തിച്ചു. ഉപരോധം നീക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുക, എണ്ണ ഉപരോധത്തിൽ ഇളവ് വരുത്തുക എന്നിവയുൾപ്പെടെ 14 ഇന ധാരണയിലെ വ്യവസ്ഥകൾ അമേരിക്ക നടപ്പാക്കണമെന്നാണ് ഇറാന്റെ ആവശ്യം. ഇതോടെ ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള യുഎസ്-ഇറാൻ സംഘർഷവും സാമ്പത്തിക സമ്മർദവും കൂടുതൽ രൂക്ഷമാകുകയാണ്.






