തൃശൂർ: പേരാമംഗലത്ത് തുണിക്കട ഉടമയുടെ വീട്ടിൽ വൻ കവർച്ച. പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിൽനിന്ന് 50 പവൻ സ്വർണമാണ് മോഷണം പോയത്. മകളുടെ വിവാഹത്തിനായി വാങ്ങിവെച്ച സ്വർണമാണ് നഷ്ടപ്പെട്ടത്.
വീട്ടിന്റെ പിൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നതെന്നാണ് പ്രാഥമിക വിവരം. വീടിന്റെ മറ്റ് വാതിലുകളും തകർത്ത നിലയിലാണ്. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു മോഷണം നടന്നത്.
ഓണത്തിരക്ക് കാരണം ഷക്കീറും ഭാര്യയും മകളും കടയിലായിരുന്നു. വൈകിട്ട് അഞ്ചിനും പുലർച്ചെ ഒന്നരയ്ക്കുമിടയിലാണ് മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം. പുലർച്ചെ കടയിൽനിന്ന് വീട്ടിലെത്തിയപ്പോഴാണ് ഷക്കീർ മോഷണവിവരം അറിയുന്നത്.
വൈകിട്ട് ഏഴോടെ രണ്ടുപേർ വീടിന് സമീപം നിൽക്കുന്നത് കണ്ടിരുന്നതായി പരിസരവാസികൾ പൊലീസിന് വിവരം നൽകിയിട്ടുണ്ട്. വീട്ടിൽനിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.
മോഷണത്തിന് ശേഷം വീടിന് സമീപം ഭക്ഷണാവശിഷ്ടങ്ങളും മദ്യക്കുപ്പിയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.






