മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലാ ആശുപത്രിയിൽ ഗുരുതരമായ ചികിത്സാ പിഴവ് നടന്നതായി പരാതി. സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ വയറ്റിനുള്ളിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച വസ്തുക്കൾ മറന്നുവെച്ചതിനെ തുടർന്ന് 19കാരിയായ യുവതി ഗുരുതരാവസ്ഥയിൽ. സന്ധ്യ സൂരജ് ഗായകവാഡിയാണ് പ്രസവത്തെ തുടർന്ന് ജീവനും മരണത്തിനുമിടയിലൂടെ നീങ്ങുന്നത്. ഓഗസ്റ്റ് ഒന്നിനാണ് ബീഡ് ജില്ലാ ആശുപത്രിയിൽ സിസേറിയൻ നടത്തിയത്. നാല് ദിവസത്തിന് ശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.
എന്നാൽ വീട്ടിലെത്തിയതിന് പിന്നാലെ സന്ധ്യയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് കുടുംബം അവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു നടത്തിയ സ്കാനിങ്ങിലാണ് വയറിനുള്ളിൽ ഓപ്പറേഷനുപയോഗിച്ച വസ്തുക്കൾ കണ്ടെത്തിയത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി സന്ധ്യയെ പൂനെയിലെ സാസൂൺ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ ശസ്ത്രക്രിയയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളിൽ അവശേഷിപ്പിച്ച ശസ്ത്രക്രിയാ ഗ്ലൗസുകളും പേപ്പർ ടിഷ്യു വൈപ്പുകളും നീക്കം ചെയ്തതായി കുടുംബം അറിയിച്ചു.
അതേസമയം യുവതിയുടെ ആരോഗ്യനിലയിൽ കുടുംബം കടുത്ത ആശങ്കയിലാണ്. യുവതിയുടെ പ്രസവമെടുത്ത ഡോക്ടർമാർക്ക് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്ന് യുവതിയുടെ ഭർത്താവ് ആരോപിച്ചു. നവജാത ശിശുവിനെ കൈയിലെടുക്കാനുള്ള ശക്തിപോലും മകൾക്ക് ഇപ്പോഴില്ലെന്ന് സന്ധ്യയുടെ അമ്മ പറഞ്ഞു. സംഭവത്തിൽ കുടുംബം ചൊവ്വാഴ്ച ബീഡ് ജില്ലാ ആശുപത്രി അധികൃതർക്ക് പരാതി നൽകി.
ബീഡ് ജില്ലാ സർജൻ സതീഷ്‌കുമാർ സോളങ്കെ ഇടപെട്ടിട്ടുണ്ട്. ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോക്ടർക്കും മറ്റ് ജീവനക്കാർക്കും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതായി അദ്ദേഹം അറിയിച്ചു. ആരോഗ്യവകുപ്പ് അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ജില്ലാ സർജൻ വ്യക്തമാക്കി. യുവതിയുടെ നിലവിലെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.






