ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി. വിജയ് നയിക്കുന്ന സർക്കാരിനെതിരെ അഴിമതി ആരോപണവുമായി ബിജെപി. മുഖ്യമന്ത്രിയുടെ ഓഫീസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളിൽ ക്രമക്കേട് നടന്നെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ ആരോപണങ്ങൾ ടിവികെ തള്ളി. അധികാരത്തിലെത്തി നൂറുദിനം പൂർത്തിയാക്കിയതിന് പിന്നാലെയാണ് സർക്കാരിനെതിരെ ആരോപണം ഉയർന്നത്.
ഫോർട്ട് സെന്റ് ജോർജിലെ മെയിൻ ബ്ലോക്കിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് സമീപത്തെ നാമക്കൽ കവിജ്ഞർ മാളികൈയിലേക്ക് മാറ്റാനുള്ള വിജയിന്റെ തീരുമാനമാണ് വിവാദമായത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും മതിയായ സൗകര്യം ഉറപ്പാക്കുന്നതിനാണ് ഓഫീസ് മാറ്റുന്നതെന്നാണ് ടിവികെയുടെ വിശദീകരണം. വ്യക്തിപരമായ ആഡംബരത്തിനായല്ല തീരുമാനമെന്നും ടിവികെ വ്യക്തമാക്കി.
എന്നാൽ പുതിയ ഓഫീസിന്റെ നവീകരണ പ്രവർത്തനങ്ങൾ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതിന് മുമ്പുതന്നെ ആരംഭിച്ചിരുന്നുവെന്നാണ് ബിജെപിയുടെയും ഡിഎംകെയുടെയും ആരോപണം. നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒരുമാസത്തിന് ശേഷമാണ് 5.54 കോടി രൂപയുടെ ടെൻഡർ വിളിച്ചതെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു.
ബിജെപി ഡിജിറ്റൽ ലൈബ്രറി ആൻഡ് ഡോക്യുമെന്റേഷൻ ദേശീയ കോർഡിനേറ്റർ ഡോ. അസീർ ആചാരിയാണ് ആരോപണവുമായി രംഗത്തെത്തിയത്.
‘സുതാര്യവും അഴിമതിരഹിതവുമായ ഭരണം വാഗ്ദാനംചെയ്താണ് വിജയ് അധികാരത്തിലെത്തിയത്. എന്നാൽ, ഇപ്പോൾ അദ്ദേഹം തന്റെ ഓഫീസ് മറ്റൊരു കെട്ടിടത്തിലേക്ക്, നാമക്കൽ കവിജ്ഞർ മാളികൈയിലേക്ക് മാറ്റാൻ പോവുകയാണ്. ഈ ആവശ്യത്തിനുവേണ്ടി പത്താമത്തെ നില മുഴുവനും അദ്ദേഹം മാറ്റിവെച്ചു. പിഡബ്ല്യുഡി വകുപ്പിനോട് നവീകരണ പ്രവർത്തനങ്ങൾ നടത്താൻ നിർദേശിച്ചു. കഴിഞ്ഞ ഒരുമാസമായി ഈ ജോലികൾ നടന്നുവരികയാണ്. എന്നാൽ, പെട്ടെന്ന് ഈ മാസം 12-ാം തീയതി പിഡബ്ല്യുഡി ഒരു ടെൻഡറുമായി രംഗത്തെത്തി, മുഖ്യമന്ത്രിയുടെ ഓഫീസിൽ മൂന്ന് ബ്ലോക്കുകളുണ്ടാകുമെന്നാണ് അതിൽ പറഞ്ഞിരുന്നത്. ആകെ 5.54 കോടിയായിരുന്നു ടെൻഡർ തുക. ചോദ്യം ഇതാണ്, പിഡബ്ല്യുഡിയുടെ ഔദ്യോഗിക എൻജിനീയർമാരുടെ കീഴിൽ ജോലികൾ നടന്നുകൊണ്ടിരിക്കവേ ഒരുമാസത്തിനിപ്പുറം ഈ ടെൻഡർ എന്തുകൊണ്ട് വന്നു’, ആചാരി ആരാഞ്ഞു.






