പാലക്കാട്: ബസിൽനിന്നു തെറിച്ചുവീണ് കോളജ് വിദ്യാർഥിനിയുടെ തലയിലൂടെ ടയർ കയറിയിറങ്ങി ദാരുണാന്ത്യം. കോങ്ങാട് കരുണയിൽ ഗോപീകൃഷ്ണന്റെ മകൾ ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്. മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാർഥിനിയാണ്.
ഇന്നു രാവിലെ കോളജിൽ പോകുന്നതിനു സ്വകാര്യ ബസിൽ കയറിയതാണ് വിദ്യാർഥിനി. ബസിൽ കയറുന്നതിനിടെ ഗൗരിയുടെ ഒരു കാലിൽനിന്ന് ഷൂ ഊരി പുറത്തേക്ക് വീണു. ഇതെടുക്കാനായി ബസിൽനിന്ന് ഇറങ്ങാൻ ശ്രമിക്കവേ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. പിടിവിട്ട് തെറിച്ചുവീണ ഗൗരിയുടെ തലയിലൂടെ ഇതേ ബസ് കയറിയിറങ്ങുകയായിരുന്നുവെന്നാണു വിവരം. വിദ്യാർഥിനിയെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.






