ആലപ്പുഴ: അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന നിഗമനത്തിൽ പൊലീസ്. സംഭവത്തിൽ ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
കുട്ടി താഴെനിന്ന് റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറുന്നത് കണ്ടെന്നാണ് ലോക്കോ പൈലറ്റ് മൊഴി നൽകിയത്. കുട്ടി ട്രാക്കിലേക്ക് കയറുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ട്രെയിനിന്റെ വേഗത കുറയ്ക്കാൻ ശ്രമിച്ചിരുന്നതായും ലോക്കോ പൈലറ്റ് വ്യക്തമാക്കി.
ലോക്കോ പൈലറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സംശയിക്കത്തക്ക മറ്റ് സാഹചര്യങ്ങളൊന്നും നിലവിലില്ലെന്നാണ് അമ്പലപ്പുഴ പൊലീസിന്റെ വിലയിരുത്തൽ. കുട്ടി എങ്ങനെ റെയിൽവേ ട്രാക്കിലേക്ക് എത്തിയെന്നതിൽ നാട്ടുകാർ നേരത്തെ അസ്വാഭാവികത സംശയിച്ചിരുന്നു.
എന്നാൽ ലോക്കോ പൈലറ്റിന്റെ മൊഴിയോടെ സംഭവത്തിലെ ദുരൂഹത നീങ്ങിയതായാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.






