തിരുവനന്തപുരം: ഓട്ടം വിളിച്ചെത്തിയ ഉബർ കാർ ഡ്രൈവറെ കബളിപ്പിച്ച് തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
പുതുക്കുറിച്ചി സ്വദേശി സുഹൈൽ കനി (32) ആണ് കാർ തട്ടിയെടുത്ത് രക്ഷപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് ഇയാൾ ഉബർ കാർ ബുക്ക് ചെയ്തത്. പെരുമാതുറ ജംഗ്ഷനിലെത്തിയപ്പോൾ സുഹൃത്തുക്കൾ വരാനുണ്ടെന്നും അതുവരെ കാത്തുനിൽക്കണമെന്നും ഡ്രൈവറോട് ആവശ്യപ്പെട്ടു.
തുടർന്ന് ഡ്രൈവർ സമീപത്തെ കടയിൽ ചായ കുടിക്കാനായി ഇറങ്ങിയ സമയത്ത് സുഹൈൽ കനി കാർ എടുത്ത് കടന്നുകളയുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് കഠിനംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. കാർ വർക്കല ഭാഗത്തേക്കാണ് കൊണ്ടുപോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
നിരവധി കേസുകളിൽ പ്രതിയായ സുഹൈൽ കനി നേരത്തെ കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടിരുന്നു. കൂടാതെ ആറുമാസത്തെ ജയിൽ ശിക്ഷയും അനുഭവിച്ച ശേഷം അടുത്തിടെയാണ് പുറത്തിറങ്ങിയത്.
ഇതിനിടെ, ചൊവ്വാഴ്ച രാത്രി ഇയാൾ മൂന്ന് പേരെ മർദ്ദിക്കുകയും ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായും പോലീസ് പറയുന്നു. ആക്രമണത്തിൽ പുതുക്കുറിച്ചി സ്വദേശി ഷറഫുദ്ദീൻ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ മറ്റ് രണ്ടുപേരും സ്റ്റേഷൻ റൗഡികളാണെന്നാണ് വിവരം.
സംഭവത്തെ തുടർന്ന് പോലീസ് സുഹൈൽ കനിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് പുലർച്ചെ ഇയാൾ ഉബർ കാർ തട്ടിയെടുത്ത് കടന്നത്. തിരുവനന്തപുരം റൂറൽ പോലീസ് പ്രതിക്കായി വ്യാപകമായ അന്വേഷണം തുടരുകയാണ്. ഇതിനിടെ തട്ടിയെടുത്ത ഉബർ കാർ ചെറിയതുറയിൽ നിന്ന് പോലീസ് കണ്ടെത്തിയതായും വിവരമുണ്ട്.






