ജറുസലേം: ഹൈടെക് സുരക്ഷാ സംവിധാനങ്ങളും സി.സി.ടി.വി ക്യാമറകളും ആയുധധാരികളായ ജയിൽ ഗാർഡുകളും അത്യാധുനിക സായുധ വാഹനങ്ങളും സുരക്ഷ ഒരുക്കുന്ന ഇസ്രയേലി ജയിലുകൾക്ക് കാവൽ നിൽക്കാൻ ഇനി മുതലകളും എത്തുമോ? കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നാമെങ്കിലും, ഗസയിൽനിന്ന് പിടികൂടിയ പലസ്തീൻ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലുകൾക്ക് സുരക്ഷയൊരുക്കാൻ മുതലകളെ ഉപയോഗിക്കാനുള്ള പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇസ്രയേലിന്റെ ദേശീയ സുരക്ഷാ മന്ത്രി ബെൻ ഗ്വിർ.
2023 ഒക്ടോബറിന് ശേഷം ഗസയിൽനിന്ന് ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്ത ഹമാസ് പ്രവർത്തകർ ഉൾപ്പെടെയുള്ള പലസ്തീൻ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലുകളുടെ സുരക്ഷ ശക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് വാദം. അതീവ സുരക്ഷാ വിഭാഗത്തിൽപ്പെടുന്ന ഈ തടവുകാർ ജയിൽ ചാടുന്നത് തടയാൻ ജയിലുകൾക്ക് ചുറ്റും മുതലകളെ കാവൽ നിർത്താനാണ് ബെൻ ഗ്വിർ പദ്ധതിയിടുന്നത്.
പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ മാസം ഇസ്രയേൽ പരിസ്ഥിതി മന്ത്രി ഇഡിത് സിൽമാൻ മുതലകളുടെ സംരക്ഷിത പദവിയിൽ മാറ്റം വരുത്തിയതായാണ് റിപ്പോർട്ട്. ബെൻ ഗ്വിറിന്റെ പ്രത്യേക അഭ്യർത്ഥനയെ തുടർന്നായിരുന്നു നടപടിയെന്നാണ് വിവരം.
ജയിലുകളിൽ മുതലകളെ ഉപയോഗിക്കുന്നത് നിയമപരമാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ഇതോടെ മുതലകളെ ‘സംരക്ഷിത വന്യജീവി’ എന്ന പദവിയിൽനിന്ന് ഒഴിവാക്കി, ‘വാണിജ്യ ആവശ്യങ്ങൾക്കായി വളർത്താൻ കഴിയുന്ന ജീവികൾ’ എന്ന ഗണത്തിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ഇസ്രയേലിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പരിസ്ഥിതി മന്ത്രിയുടെ വിവാദ ഉത്തരവ് റദ്ദാക്കണമെന്നും ബെൻ ഗ്വിറിന്റെ പദ്ധതിക്ക് തടയിടണമെന്നും ആവശ്യപ്പെട്ട് വന്യജീവി വിദഗ്ധരും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും ക്രൂരമായ പരീക്ഷണങ്ങൾക്കുമായി മിണ്ടാപ്രാണികളെ കരുവാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നാണ് വന്യജീവി സ്നേഹികളുടെ നിലപാട്. തടവുകാരെ സുരക്ഷിതമായി സൂക്ഷിക്കാൻ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും സായുധ വാഹനങ്ങളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സ്വന്തമായുള്ള ഇസ്രയേൽ ഇത്തരമൊരു പ്രാകൃത രീതിയിലേക്ക് തിരിയുന്നത് കടുത്ത വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ഹൈടെക് സുരക്ഷാ സംവിധാനങ്ങൾക്കിടയിൽ ജയിൽ കാവലിന് മുതലകളെ ഉപയോഗിക്കാനുള്ള നീക്കം യാഥാർഥ്യമാകുമോ എന്നതാണ് ഇനി ഉയരുന്ന പ്രധാന ചോദ്യം.






