ന്യൂഡൽഹി: ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ സൈന്യത്തിന്റെ വേട്ടനായ ‘സിയോൺ’ (Tsyon) ന് 80-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ ‘മെൻഷൻ ഇൻ ഡിസ്പാച്ചസ്’ (Mention in Despatches) പുരസ്കാരം. ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടും ദൗത്യത്തിൽ നിന്ന് പിന്മാറാതെ ധീരത കാട്ടിയതിനാണ് സിയോണിന് അംഗീകാരം ലഭിച്ചത്.
സൈന്യത്തിന്റെ സ്പെഷ്യൽ ഫോഴ്സ് ടീമിനൊപ്പം ലഡാക്ക് സ്കൗട്ട്സ്, ഗഢ്‌വാൾ റൈഫിൾസ് യൂണിറ്റിലാണ് സിയോൺ സേവനമനുഷ്ഠിക്കുന്നത്.
കാശ്മീരിലെ വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരരെ കണ്ടെത്തുന്നതിനായി നടത്തിയ തിരച്ചിൽ ദൗത്യത്തിനിടെയാണ് സിയോണിന് കാലിൽ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റിട്ടും വേദന വകവയ്ക്കാതെ ഭീകരർ ഒളിച്ചിരുന്ന കൃത്യമായ സ്ഥാനം സൈനികർക്ക് കണ്ടെത്തിക്കൊടുക്കുകയായിരുന്നു സിയോൺ. തുടർന്ന് മൂന്ന് ഭീകരരെ വധിക്കുന്നതിലും ദൗത്യസംഘത്തെ സഹായിച്ചു.
ഏറ്റുമുട്ടലിന് ശേഷം സിയോണിന് അടിയന്തര വിദഗ്ധ ചികിത്സ ലഭ്യമാക്കി. പിന്നീട് പരിക്കുകളിൽനിന്ന് സിയോൺ അതിവേഗം സുഖം പ്രാപിക്കുകയും ചെയ്തു. സിയോണിന്റെ സമാനതകളില്ലാത്ത സമർപ്പണവും ധീരതയും ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നതിൽ നിർണായകമായെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇന്ത്യൻ സൈന്യത്തിൽ വിശിഷ്ട സേവനവും ധീരതയും പ്രകടിപ്പിക്കുന്ന സൈനികർക്കും സൈനിക നായകൾക്കും നൽകുന്ന പ്രധാന ബഹുമതികളിലൊന്നാണ് ‘മെൻഷൻ ഇൻ ഡിസ്പാച്ചസ്’. രാജ്യസുരക്ഷയ്ക്കായി ജീവൻ പണയംവെച്ച് ദൗത്യത്തിൽ പങ്കാളിയായ സിയോണിന് ലഭിച്ച അംഗീകാരം അഭിമാനമായി മാറിയിരിക്കുകയാണ്.




