തിരുവനന്തപുരം: കേരളത്തിലെ മാധ്യമപ്രവർത്തനം ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് ചിന്തിക്കേണ്ട സമയമായെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പല മാധ്യമങ്ങളും കൊടുക്കുന്ന വാർത്ത തെറ്റാണെന്ന് അറിഞ്ഞിട്ടും അസത്യം പ്രചരിപ്പിക്കുന്ന പ്രവണത വർധിച്ചുവരികയാണ്. തെറ്റായ വാർത്ത നൽകിയാൽ പോലും അത് തിരുത്താൻ പല മാധ്യമങ്ങളും തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ആകാശത്തുനിന്ന് ഭസ്മം വരുന്നതുപോലെയാണ് ചില വാർത്തകൾ കണ്ടെത്തുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. വസ്തുതകൾ പരിശോധിക്കാതെ വാർത്തകൾ നൽകുകയും പിന്നീട് അത് തിരുത്തി നൽകാൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്നത് മാധ്യമപ്രവർത്തനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ കൂടുതൽ ഉത്തരവാദിത്തം പുലർത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലുള്ളത് പരിധിവിട്ട മാധ്യമപ്രവർത്തനമാണെന്നും വി.ഡി സതീശൻ പറഞ്ഞു. ഇത്തരം മാധ്യമ സംസ്കാരം രൂപപ്പെടുത്തുന്നത് പുതിയ ചില ചാനലുകളാണെന്നും മറ്റ് മാധ്യമങ്ങൾ അവയ്ക്ക് പിന്നാലെ പോകുന്ന സാഹചര്യമാണെന്നും സതീശൻ വിമർശിച്ചു.




