തിരുവനന്തപുരം: സഹപ്രവർത്തകരിൽ നിന്ന് യൂണിഫോമിനായി ശേഖരിച്ച ഏഴ് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസുകാരനെതിരെ കേസ്. കെഎപി മൂന്നാം ബറ്റാലിയനിലെ ശംഭു ആർ. കൃഷ്ണക്കെതിരെയാണ് പേരൂർക്കട പൊലീസ് കേസെടുത്തത്.
യൂണിഫോം കമ്മിറ്റിയിലെ അംഗമായിരുന്ന ശംഭു, പൊലീസ് റിക്രൂട്ട് ട്രെയിനികളിൽനിന്ന് യൂണിഫോം മെറ്റീരിയൽ വാങ്ങുന്നതിനും തുന്നുന്നതിനുമായി ശേഖരിച്ച പണമാണ് തട്ടിയെടുത്തതെന്നാണ് എഫ്ഐആറിലെ ആരോപണം. ഈ പണം ഓൺലൈൻ ചീട്ടുകളിയിൽ നഷ്ടപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.
എസ്എപി ബറ്റാലിയനിലെ കെഎപി 3, കെഎപി 5 എന്നിവിടങ്ങളിലെ പൊലീസ് റിക്രൂട്ട് ട്രെയിനികളിൽനിന്നാണ് യൂണിഫോം ആവശ്യങ്ങൾക്കായി പണം ശേഖരിച്ചത്. യൂണിഫോം കമ്മിറ്റി അംഗമായിരുന്ന പ്രതി എസ്എപിയിലെ ഡ്രൈ കാന്റീനിലും വിൽസൺ അലൈഡ് പൊലീസ് യൂണിഫോം സൊസൈറ്റിയിലും പണം അടയ്ക്കാമെന്ന് പറഞ്ഞാണ് ട്രെയിനികളിൽനിന്ന് തുക വാങ്ങിയത്.
2026 ജൂലൈ 3 മുതൽ 13 വരെ നിരവധി പൊലീസ് റിക്രൂട്ട് ട്രെയിനികൾ പ്രതിയുടെ ഫോൺ നമ്പറിലേക്ക് പണം കൈമാറിയതായി എഫ്ഐആറിൽ പറയുന്നു. ഇത്തരത്തിൽ ശേഖരിച്ച ഏകദേശം ഏഴ് ലക്ഷം രൂപയാണ് തട്ടിയെടുത്തതെന്നാണ് കേസ്.
സംഭവത്തിൽ പേരൂർക്കട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.






