തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സി.പി. ജോൺ നടത്തിയ പരാമർശങ്ങൾക്കെതിരെ വിമർശനവുമായി മുൻ മന്ത്രി കെ.എൻ. ബാലഗോപാൽ. വിളിച്ചുവരുത്തി ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് മന്ത്രിയുടെ പരാമർശങ്ങളെന്നും മാടമ്പി സ്വഭാവമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു. സർക്കാരിനെ നയിക്കുന്നത് ധിക്കാരമാണെന്നും മന്ത്രിമാർ മുഖ്യമന്ത്രിയെ അനുകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിലും കെ.എൻ. ബാലഗോപാൽ പ്രതികരിച്ചു. മുഖ്യമന്ത്രി ആരെയാണ് കാണാൻ പോയതെന്ന് വ്യക്തമാക്കണമെന്നും പുറത്തുപറഞ്ഞാൽ അപകടമുണ്ടാകുന്ന നിക്ഷേപകനെയാണോ മുഖ്യമന്ത്രി കാണാൻ പോയതെന്നും അദ്ദേഹം ചോദിച്ചു. ഗൂഢാലോചന നടത്തിയാണ് നിക്ഷേപം കൊണ്ടുവരുന്നതെന്നും ബാലഗോപാൽ ചോദ്യം ഉന്നയിച്ചു.
ഉറങ്ങിക്കിടക്കുന്ന ആളെ വിളിച്ചുണർത്തി മുഖത്ത് കാർക്കിച്ച് തുപ്പുന്നതിന് തുല്യമാണ് മന്ത്രി സി.പി. ജോൺ നടത്തിയ പരാമർശമെന്ന് സി.പി.എം നേതാവും മുൻ മന്ത്രിയുമായ പി. രാജീവ് പറഞ്ഞു. സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമർശമാണിതെന്നും പ്രിയദർശിനി പദ്ധതി അവസാനിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. എല്ലാം സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കാനുള്ള നീക്കമാണിതെന്നും പി. രാജീവ് പറഞ്ഞു.
അതേസമയം, പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. സ്ത്രീകളുടെ ദാരിദ്ര്യത്തെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും തന്റെ വാക്കുകൾ വിവാദമായതിൽ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യാത്ര ചെയ്യാൻ പോലും സാമ്പത്തിക ശേഷിയില്ലാത്ത സ്ത്രീകളുണ്ടെന്ന യാഥാർഥ്യത്തെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും കേരളത്തിലെ ജനങ്ങൾ ദാരിദ്ര്യം അനുഭവിക്കുന്നതായി അഭിനയിക്കുന്നുവെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലായിരുന്നു സി.പി. ജോണിന്റെ വിവാദ പരാമർശം. പണം നൽകേണ്ടതില്ലാത്ത കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്നും എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നുവെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം.


















































