നാഗ്പുർ: പ്രാദേശിക ക്രിക്കറ്റ് അസോസിയേഷൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാതിരുന്നതിലെ നിരാശയിൽ 17 വയസുകാരിയായ ക്രിക്കറ്റ് താരം ജീവനൊടുക്കി. അദിതി മോരേശ്വർ ചൗക്കണ്ടെ എന്ന പെൺകുട്ടിയാണ് മരിച്ചത്. വിദർഭ ക്രിക്കറ്റ് അസോസിയേഷൻ (വിസിഎ) ടീമിൽ ഇടംലഭിക്കുന്നതിനായി കഴിഞ്ഞ രണ്ട് വർഷമായി താരം കഠിനമായ പരിശീലനത്തിലായിരുന്നു. ടീമിൽ ഇടം ലഭിക്കാതിരുന്നതോടെ അദിതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.
മരണസ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ‘എന്നെ തിരഞ്ഞെടുത്തില്ല’ എന്ന് എഴുതിയിരുന്നു. മഹാരാഷ്ട്രയിലെ അക്കോള സ്വദേശിയായ അദിതി, ക്രിക്കറ്റിൽ കരിയർ കെട്ടിപ്പടുക്കുന്നതിനായി അമ്മയോടൊപ്പം നാഗ്പുരിലെ ലക്ഷ്മി നഗറിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വർഷമായി നാഗ്പുരിലെ സർവ്വെ ക്രിക്കറ്റ് അക്കാദമിയിൽ കഠിനമായ പരിശീലനം നടത്തിവരികയായിരുന്നു. അദിതിയുടെ സഹോദരനും ഒരു ക്രിക്കറ്റ് താരമാണ്.
ബജാജ് നഗർ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്‌പെക്ടർ ചേതൻ ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘം എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയൂ എന്നും അറിയിച്ചു.


















































