തിരുവനന്തപുരം: അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സംസ്ഥാന സർക്കാർ വീണ്ടും വായ്പയെടുക്കുന്നു. പൊതുവിപണിയിൽ നിന്ന് 1,800 കോടി രൂപ കടപത്രം വഴി സമാഹരിക്കാനാണ് സർക്കാർ തീരുമാനം. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഇതുവരെ 10,400 കോടി രൂപ വായ്പയെടുത്തിട്ടുണ്ട്.
സംസ്ഥാനത്തിന്റെ അടിയന്തര ചെലവുകൾ നിറവേറ്റുന്നതിനാണ് പുതിയ വായ്പയെടുക്കുന്നത്. ക്ഷേമപെൻഷൻ വിതരണം, കെഎസ്ആർടിസിക്ക് സാമ്പത്തിക സഹായം നൽകൽ തുടങ്ങിയ ആവശ്യങ്ങൾക്കൊപ്പം മറ്റ് സർക്കാർ ചെലവുകൾക്കും തുക വിനിയോഗിക്കേണ്ടിവരും.
ഓണക്കാലത്തെ ചെലവുകൾക്കായി മാത്രം സംസ്ഥാന സർക്കാരിന് ഏകദേശം 20,000 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഓണത്തിന് മുന്നോടിയായി ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്യേണ്ടതും സർക്കാരിന് സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്നുണ്ട്.
അതേസമയം, കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ വികസന പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്ര ഫണ്ടുകൾ നേടിയെടുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയും ഉത്തരവാദിത്വവുമാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു.
കേന്ദ്ര ഫണ്ട് ലഭിക്കുന്നത് സർക്കാരിനുള്ള ഔദാര്യമല്ലെന്നും സംസ്ഥാനത്തിന് അർഹതപ്പെട്ട വിഹിതമാണെന്നും അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട ഫണ്ടുകൾ പരമാവധി നേടിയെടുക്കണമെന്ന നിലപാടാണ് യുഡിഎഫ് യോഗം സ്വീകരിച്ചത്.


















































