ആലപ്പുഴ: വീയപുരത്ത് വാഹന പരിശോധനയ്ക്കിടെ കോളേജ് വിദ്യാർത്ഥിയെ പോലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. ബെംഗളൂരുവിൽ പഠിക്കുന്ന മുഹമ്മദ് യാസീൻ (20) ആണ് പോലീസിന്റെ മർദ്ദനമേറ്റത്. മുഖത്തും ദേഹത്തുമടക്കം പരുക്കേറ്റ യാസീൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കരുവാറ്റ മങ്കുഴിയിൽവെച്ചാണ് പോലീസ് വാഹനം നിർത്താൻ കൈകാണിച്ചത്. നിർത്താൻവേണ്ടി പോലീസ് കാറിന്റെ പിൻഭാഗത്ത് അടിച്ചുവെന്നും ആ വെപ്രാളത്തിൽ വണ്ടി അൽപം മുന്നോട്ട് നീക്കിയാണ് നിർത്തിയതെന്നും യാസീൻ പറയുന്നു. ഇതിൽ പ്രകോപിതരായ പോലീസ് യാസിനെ മർദ്ദിക്കുകയായിരുന്നുവെന്നും യുവാവ് പറയുന്നു.
പോലീസ് തന്നെ കാറിൽ നിന്ന് വലിച്ചിറക്കി റോഡിലിട്ട് മൂന്നു തവണ കരണത്തടിച്ചുവെന്നും പിന്നീട് സ്റ്റേഷനിലെത്തിച്ച് പുറത്തും വാരിയെല്ലിന്റെ ഭാഗത്തും ഇടിക്കുകയും മുഖത്തടിക്കുകയും ഷൂസ് കൊണ്ട് ചവിട്ടുകയും ചെയ്തുവെന്നും യാസീൻ പറയുന്നു. മർദ്ദനമേറ്റ് മുഖം കരിനീലിച്ച അവസ്ഥയിലായിരുന്നുവെന്നും യുവാവ് വെളിപ്പെടുത്തി.
അതേസമയം മർദ്ദനാരോപണം പോലീസ് നിഷേധിച്ചു. രൂപമാറ്റം വരുത്തിയ കാർ കസ്റ്റഡിയിലെടുത്തതിലുള്ള വൈരാഗ്യമാണ് ഇത്തരം തെറ്റായ പ്രചാരണത്തിന് പിന്നിലെന്നാണ് പോലീസിന്റെ വിശദീകരണം. കൂടാതെ അശ്രദ്ധമായി വാഹനം ഓടിച്ചതിനും കാറിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തിയതിനും പോലീസ് യാസീനെതിരെ കേസെടുത്തിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അശ്വിൻ കാറിലിരുന്ന് കഞ്ചാവ് വലിച്ചുവെന്നാരോപിച്ച് മറ്റൊരു കേസുകൂടി പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതിനിടെ പോലീസിന്റെ ബ്രത്ത് അനലൈസർ കേടുവരുത്തിയെന്ന് ആരോപിച്ച് ആരൊക്കെയോ ചേർന്ന് വിദ്യാർത്ഥിയെക്കൊണ്ട് ആരുടെയോ നമ്പറിലേക്ക് 2500 രൂപ ജി-പേ ചെയ്യിപ്പിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ നീതി തേടി യാസീന്റെ കുടുംബം മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഡിജിപി എന്നിവർക്ക് പരാതി നൽകി.



















































